Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അത് രാഷ്ട്രീയ ദാരിദ്ര്യമാണ്...

ന്യൂനപക്ഷങ്ങൾക്കെതിരായ വർഗീയ പ്രചാരണങ്ങളെ ഹിന്ദു സമുദായത്തിന്റെ ആത്മീയ ദാരിദ്ര്യത്തിന്റെ പ്രശ്‌നമായി ചുരുക്കിക്കാണുന്ന രാഹുൽ ഈശ്വറിനെപ്പോലുള്ള നിരീക്ഷകർ, ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളേയും, ചലന സഞ്ചാരങ്ങളേയും തെറ്റായി വ്യാഖ്യാനിക്കുകയാണ്. അതാകട്ടെ, ഹിന്ദുത്വ രാഷ്ട്രീയത്തെ ശാക്തീകരിക്കാനുള്ള ഗൂഢശ്രമമാണ് താനും.

കാസർകോട് ജില്ലയിലെ സ്ഥലനാമങ്ങൾ മാറ്റാൻ ആസൂത്രിത നീക്കം നടക്കുന്നുവെന്ന പ്രചാരണത്തെക്കുറിച്ച ടി.വി ചർച്ചയിൽ, ഹിന്ദു ആത്മീയനേതാവായി സ്വയം അവരോധിക്കുകയും വലതുപക്ഷ നിരീക്ഷകൻ എന്ന വിശേഷണത്തിൽ സംതൃപ്തിയടയുകയും ചെയ്യുന്ന രാഹുൽ ഈശ്വർ മുന്നോട്ടുവെച്ച ചില കാഴ്ചപ്പാടുകൾ, അക്കാദമിക താൽപര്യത്തോടെയെങ്കിലും ചർച്ച ചെയ്യപ്പെടേണ്ടതാണ്. പേരുമാറ്റ പ്രചാരണം അടക്കമുള്ള എല്ലാ വർഗീയ പ്രചാരണങ്ങളുടേയും അടിസ്ഥാനം ഹിന്ദുക്കളുടെ ആത്മീയ ദാരിദ്ര്യമാണെന്നാണ് അദ്ദേഹം കണ്ടെത്തുന്നത്. മുസ്‌ലിംകളെയോ ക്രിസ്ത്യാനികളേയോ പോലെ ആഴ്ചയിൽ ഒരു ദിവസം ഒരു സ്ഥലത്ത് ഒത്തുചേർന്ന് (വെള്ളി, ഞായർ സംഗമങ്ങൾ) ആത്മീയസാക്ഷാത്കാരം നേടാനുള്ള അവസരമില്ലാത്ത ഹിന്ദുക്കൾ, അപരനെ ശത്രുവായി പരിഗണിച്ച് ഹിന്ദുസമൂഹത്തെ ഒന്നിപ്പിച്ചു നിർത്താൻ ശ്രമിക്കുന്നതാണ് ഈ അസ്വസ്ഥതകൾക്ക് കാരണമെന്ന് അദ്ദേഹം കരുതുന്നു. ലവ് ജിഹാദ് മുതൽ ആൾക്കൂട്ട കൊല വരെയുള്ള സകലമാന വർഗീയഭീകരതക്കും കാരണം പൊളിറ്റിക്കൽ ഹിന്ദുത്വ അല്ലെന്നും ഈ ആത്മീയ ദാരിദ്ര്യമാണെന്നുമാണ് രാഹുലിന്റെ സുചിന്തിത നിലപാട്.


വർഗീയത ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമായി മാറുകയും മതസമൂഹങ്ങളെ രാഷ്ട്രീയ സമൂഹങ്ങളായി കൈകാര്യം ചെയ്യാനാരംഭിക്കുകയും ചെയ്യുന്നതോടെയാണ് വെറുപ്പിന്റെ രാഷ്ട്രീയം ഉദയം ചെയ്യുന്നതെന്ന മൗലിക യാഥാർഥ്യത്തെയാണ് ഈ നിസ്സാരവത്കരണത്തിലൂടെ രാഹുൽ മറച്ചുപിടിക്കാൻ ശ്രമിച്ചത്. അതാകട്ടെ, ഹിന്ദുത്വ, ബ്രാഹ്മണിക്കൽ ശക്തികളെ അവയുടെ സത്വരൂപങ്ങളിൽനിന്ന് മോചിപ്പിക്കുകയും ആത്മീയ ദാരിദ്ര്യമെന്ന നിസ്സാരതയിലേക്ക് വർഗീയതയെ ചുരുക്കിക്കെട്ടുകയും ചെയ്യുന്നു. ഇന്ത്യയെപ്പോലെ ഒരു ബഹുമത രാഷ്ട്രത്തിൽ മതാടിസ്ഥാനത്തിൽ വോട്ടു ബാങ്കുകളെ രൂപപ്പെടുത്തുകയും ഫലപ്രദമായി അവയെ ഉപയോഗിക്കുകയും ചെയ്യണമെങ്കിൽ വെറുപ്പിന്റെ രാഷ്ട്രീയം ശക്തിയാർജിക്കണം. മതസ്വത്വങ്ങളുടെ അടിസ്ഥാനത്തിൽ ജനങ്ങൾ പരമാവധി ധ്രുവീകരിക്കപ്പെടുമ്പോഴാണ് ഇത്തരം വോട്ടുബാങ്കുകൾ പൂർണമായും പ്രയോജനപ്പെടുത്താനാകുക. അതിനാൽ വിഭാഗീയമായ ഒരു മേൽശ്രേണി സംസ്‌കാരം അടിച്ചേൽപിച്ചുകൊണ്ട് സ്വേഛാധികാര രാഷ്ട്രം രൂപീകരിക്കുകയെന്നത് വർഗീയതയെ രാഷ്ട്രീയ പ്രത്യയശാസ്ത്രമായി സ്വീകരിച്ചവരുടെ പ്രധാന കാര്യപരിപാടിയായി മാറുന്നു. 'മറ്റുള്ളവരെ'ക്കുറിച്ച പർവതീകരിച്ച കഥകളും മുൻവിധികളും പ്രചരിപ്പിക്കുകയാണ് ഈ ധ്രുവീകരണം സാധ്യമാക്കുന്നതിനുള്ള ആദ്യപടി. അങ്ങനെ ഉൽപാദിപ്പിക്കപ്പെടുന്ന വെറുപ്പിന്റെ രാഷ്ട്രീയം ആൾക്കൂട്ടങ്ങളെ കൊലയാളി സംഘങ്ങളായാണ്, ആത്മീയ സംഘങ്ങളായല്ല മാറ്റുക. 


ആൾക്കൂട്ട കൊലപാതകങ്ങളെ ഭീകരപ്രവർത്തനത്തോട് ഉപമിക്കുകയും അവ തടയാൻ ശക്തമായ നിയമ നിർമാണം ആവശ്യമാണെന്ന് ഉണർത്തുകയും ചെയ്തു ഒരിക്കൽ  സുപ്രീം കോടതി.  ആൾക്കൂട്ട കൊലകൾ വെറുപ്പിന്റെ രാഷ്ട്രീയം ഉൽപാദിപ്പിക്കുന്ന ഉപോൽപന്നമാണെന്ന യാഥാർഥ്യമാണ് സുപ്രീം കോടതിയെപ്പോലെ രാഹുലും മറന്നുപോകുന്നത്. അതിനാൽ കേവല നിയമനിർമാണം കൊണ്ട് അവസാനിപ്പിക്കാൻ കഴിയുന്ന ഒരു പ്രതിഭാസമായി അതിനെ കാണുക സാധ്യമല്ല. ഹിന്ദുക്കൾ ആഴ്ചയിൽ ഒരിക്കൽ ഒത്തുചേർന്ന് രാമ രാമ ജപിക്കുന്നതുകൊണ്ടും അതില്ലാതാവില്ല. കൂടുതൽ ആഴത്തിൽ വേരൂന്നിയതും നിലവിലെ കേന്ദ്ര ഭരണ കക്ഷിയുടെ സർവ ആശീർവാദത്തോടെ പടർന്നു പന്തലിച്ചതുമായ ഒരു 'രാഷ്ട്രീയ പ്രവർത്തനം' തന്നെയാണ് ഇത്തരം വർഗീയ പ്രവർത്തനങ്ങൾ. അത് ഏറ്റവും ശക്തമായി പ്രതിഫലിക്കുന്ന തെളിവുകളാണ് ഇത്തരം സംഭവങ്ങളിലെ ഇരകളുടെ ജാതി, മത സ്വത്വങ്ങൾ. കൃത്യമായ ഒരു രാഷ്ട്രീയ അജണ്ട അടങ്ങിയിരിക്കുന്നതിനാൽ ഇത്തരം സംഭവങ്ങൾ തേടുന്നത് നിയമപരമായ പരിഹാരത്തേക്കാൾ രാഷ്ട്രീയമായ പരിഹാരമാണ്. 


വർഗീയ കലാപങ്ങളാണ് രാജ്യത്ത് പല രാഷ്ട്രീയ പാർട്ടികളേയും അധികാരത്തിലേറ്റിയത്. 1995 ൽ മഹാരാഷ്ട്രയിൽ ശിവസേന അധികാരത്തിലേക്ക് പദമൂന്നിയത് ചോരപ്പുഴയൊഴുകിയ കലാപങ്ങളുടെ ചുവടുപിടിച്ചാണ്. 900 പേരുടെ ജീവനെടുത്ത കലാപങ്ങളിൽ തന്റെ 'സൈനികരു'മായി പട നയിച്ച ബാൽ താക്കറെയോ, കലാപം അന്വേഷിച്ച ശ്രീകൃഷ്ണ കമ്മീഷൻ പേരെടുത്ത് കുറ്റപ്പെടുത്തിയ 31 പോലീസ് ഓഫീസർമാരോ ശിക്ഷിക്കപ്പെട്ടില്ല. കലാപത്തിന് സഹായകമായി പ്രവർത്തിച്ച ആ ഓഫീസർമാരെ, പിൽക്കാലത്ത് ജോലിയിൽ സ്ഥാനക്കയറ്റം നൽകി ആദരിക്കുകയും ചെയ്തു. മരണ ശേഷം താക്കറെക്ക് പൂർണ സർക്കാർ ബഹുമതികളോടെ അന്ത്യയാത്രയും ഗൺസല്യൂട്ടും നൽകി ആദരിച്ചു. നിയമത്തിന്റെ അഭാവമല്ല കലാപകാരികൾ ശിക്ഷിക്കപ്പെടാതിരിക്കാൻ കാരണമെന്നത് പകൽ പോലെ വ്യക്തമാണ്. രണ്ടായിരം പേരെ കാലപുരിക്കയച്ച ഗുജറാത്ത് കലാപങ്ങളുടെ സൂത്രധാരർ ഇന്ന് എവിടെയെത്തി നിൽക്കുന്നു എന്ന് കൂടി ചിന്തിക്കുമ്പോഴാണ് വർഗീയത എന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ വില മനസ്സിലാകുന്നത്. ഉത്തർപ്രദേശിൽ ബി.ജെ.പിയുടെ അധികാരവാഴ്ച അരക്കിട്ടുറപ്പിച്ചത് മുസഫർ നഗർ കലാപമായിരുന്നല്ലോ. കോൺഗ്രസിനെ മുസ്‌ലിം പാർട്ടിയായി മുദ്രകുത്തി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോഡി നടത്തിയ വർഗീയ ധ്രുവീകരണമാണ് നോട്ടുനിരോധവും പരാജയപ്പെട്ട പരിഷ്‌കാരങ്ങളും നട്ടം തിരിച്ച ഒരു ജനതയെ വീണ്ടും അദ്ദേഹത്തിന് അനുകൂലമാക്കിയത്. 


വർഗീയ ആക്രമണങ്ങൾ അഴിച്ചുവിടുകയും ന്യൂനപക്ഷത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുകയും ചെയ്തുകൊണ്ട് തെരഞ്ഞെടുപ്പ് ജയിക്കുക എന്നത് ഒരു ശൈലിയായി മാറിയിട്ടുണ്ട്. ഭരണഘടനാദത്തമായ മതേതരത്വത്തെ ഇന്ന് ഭരണഘടനാ സ്ഥാപനങ്ങളും അധികാര കേന്ദ്രങ്ങളും തന്നെ കൈയൊഴിയുകയാണ്. വേരുകളില്ലാത്ത സങ്കൽപമെന്ന് മതേതരത്വത്തെ പരിഹസിച്ച കേന്ദ്ര മന്ത്രി അനന്ത്കുമാർ ഹെഗ്‌ഡെ ബി.ജെ.പി അധികാരത്തിൽ വന്നതു തന്നെ ഈ ഭരണഘടന തിരുത്തിയെഴുതാനാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ യാഥാർഥ്യമാണ് ശശി തരൂർ 'ഹിന്ദു പാക്കിസ്ഥാൻ' പ്രസംഗത്തിലൂടെ ചൂണ്ടിക്കാട്ടാൻ ശ്രമിച്ചത്. മറുപടി ആൾക്കൂട്ട ആക്രമണമായിരുന്നു. ആൾക്കൂട്ട കൊലകളിലും ലവ് ജിഹാദ് പ്രചാരണത്തിലും സംഭവിക്കുന്നതും സമാനമാണ്. ഇരകൾ വീണ്ടും ഇരകളാക്കപ്പെടുകയും അക്രമികൾ ആദരിക്കപ്പെടുകയും ചെയ്യുന്ന സവിശേഷ രാഷ്ട്രീയ സാഹചര്യത്തിന് തടയിടാൻ ആർക്കും കഴിയുന്നില്ല.


സമീപകാലത്ത് ഇന്ത്യ കണ്ട ആൾക്കൂട്ട കൊലപാതകങ്ങളുടെ പൊതുസ്വഭാവം, അതെല്ലാം ന്യൂനപക്ഷങ്ങൾക്കും പാർശ്വവത്കൃത വിഭാഗങ്ങൾക്കുമെതിരെ ആയിരുന്നു എന്നതാണ്. ബി.ജെ.പി അധികാരത്തിലേറിയ ശേഷം രാജ്യത്ത് വിദ്വേഷ പ്രസംഗങ്ങളുടെ എണ്ണം 490 ശതമാനം കൂടിയെന്നാണ് എൻ.ഡി.ടി.വി കണ്ടെത്തിയത്. അതിനാൽ ആൾക്കൂട്ട കൊലകളെ അങ്ങനെ വിളിക്കുന്നതിൽ അർഥമില്ല. വെറും മോബോക്രസി അല്ല അത്. പെട്ടെന്നുണ്ടാകുന്ന പ്രകോപനങ്ങളുടെ പേരിൽ രോഷാകുലരാകുന്ന ജനക്കൂട്ടം നടത്തുന്ന അക്രമാസക്തമായ പ്രതികരണമല്ല അത്. ന്യൂനപക്ഷത്തെ ലക്ഷ്യമിട്ട്, അവരിൽ ഭീതി പരത്താനും കൂടുതൽ പാർശ്വവത്കരിക്കാനും മറുഭാഗത്ത്, മറ്റൊരു മതസ്വത്വത്തെ ഉണർത്തിയെടുക്കാനും ആസൂത്രിതമായി നടത്തുന്ന ആക്രമണങ്ങളാണിത്. നമ്മുടെ രാഷ്ട്രീയ അധികാര സംവിധാനങ്ങൾ ഇവയെ പരസ്യമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. 


കാസർകോട്ടെ സ്ഥലനാമങ്ങൾ മാറ്റുന്നതിലൂടെ, ഒരു പ്രത്യേക സമുദായത്തിന്റെ സാംസ്‌കാരിക അസ്തിത്വം മാത്രം ഉയർത്തിപ്പിടിക്കുകയാണ് എന്ന സന്ദേശം നൽകാനാണ് ശ്രമിച്ചത്. യഥാസമയം കാര്യങ്ങൾ വിശദീകരിക്കാൻ നമുക്കായി. സംശയത്തിനിട നൽകാത്ത വിധം ചെറുക്കാനും പറ്റി. ഒരു വർഗീയ കലാപത്തിന് വിത്തിടാൻ ഇതൊക്കെ ധാരാളമാണിന്ന് ഇന്ത്യയിൽ. ആത്മീയ ദാരിദ്ര്യം അനുഭവിക്കുന്നവരുടെ നിരാശാബോധമല്ല, രാഷ്ട്രീയ നേട്ടത്തിനായുള്ള കൃത്യമായ ആസൂത്രിത പ്രവർത്തനമാണിത്. ഹിന്ദുത്വയുടെ രാഷ്ട്രീയ ദാരിദ്ര്യം എന്ന് വേണമെങ്കിൽ വിളിക്കാം. അതിനാൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളേയും, ചലന സഞ്ചാരങ്ങളേയും രാഹുൽ ഈശ്വർ തെറ്റായി വ്യാഖ്യാനിക്കുന്നു എന്ന് തന്നെ കരുതണം. അതാകട്ടെ ഭൂരിപക്ഷ സമുദായത്തിൽ കൂടുതൽ അരക്ഷിത ബോധമുണ്ടാക്കുന്നതിലൂടെ ഹിന്ദുത്വ രാഷ്ട്രീയത്തെ ശാക്തീകരിക്കുകയും ചെയ്യുന്നു.

 

Latest News