ജിദ്ദ - സെൻട്രൽ പച്ചക്കറി മാർക്കറ്റിൽ വെച്ച് തൊഴിലാളിയെ മർദിച്ച നഗരസഭാ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തതായി ജിദ്ദ നഗരസഭ അറിയിച്ചു. തൊഴിലാളിയെ ഉദ്യോഗസ്ഥൻ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സെൻട്രൽ പച്ചക്കറി മാർക്കറ്റ് അഡ്മിനിസ്‌ട്രേഷൻ ഉദ്യോഗസ്ഥനാണ് തൊഴിലാളിയെ മർദിച്ചത്.
സംഭവം ശ്രദ്ധയിൽ പെട്ട് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് സസ്‌പെന്റ് ചെയ്യാൻ മേയർ സ്വാലിഹ് അൽതുർക്കി നിർദേശിക്കുകയായിരുന്നു. ഉദ്യോഗസ്ഥനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കും. നഗരസഭാ നയത്തിന് നിരക്കാത്ത ഗുരുതരമായ നിയമ ലംഘനമാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായത്. നിയമ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും ജിദ്ദ നഗരസഭ പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് നഗരസഭാ ഉദ്യോഗസ്ഥൻ പച്ചക്കറി മാർക്കറ്റിലെ തൊഴിലാളിയെ മർദിച്ചത്.






