അല്‍വാര്‍- യഥാസമയം പോലീസിനെ സമീപിച്ചിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഇരുപതുകാരി രണ്ടുവര്‍ഷത്തിനിടെ പലതവണ കൂട്ട ബലാത്സംഗത്തിനിരയായി.
പുതിയ ഒരാള്‍ കൂടി വീഡിയോ അയച്ച് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചതോടെ യുവതി വീണ്ടും പോലീസിനെ സമീപിച്ചതോടെ മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്.
2019 മേയില്‍ ആദ്യം ബലാത്സംഗത്തിനിരയായ ശേഷം യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനോ നടപടി സ്വീകരിക്കാനോ പോലീസ് തയാറായിരുന്നില്ല.
തുടര്‍ന്ന് രണ്ട് വര്‍ഷം യുവതി തുടര്‍ച്ചയായി കൂട്ടബലാത്സംഗത്തിനിരയായി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ കൃത്യം തുടര്‍ന്നിരുന്നത്.
കഴിഞ്ഞ മാസം 25-ന് ഗൗതം സെയ്‌നി എന്നയാള്‍ വഴങ്ങണമെന്നാവശ്യപ്പെട്ട് വീഡിയോ അയച്ചു. കുടുംബാംഗങ്ങള്‍ക്ക് അയച്ചു കൊടുക്കുമെന്നായിരുന്നു ഭീഷണി. ഇതിനുപിന്നാലെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു.
രണ്ടു വര്‍ഷം നിശബ്ദയായിരുന്ന യുവതി മലഖേര പോലീസ് സ്‌റ്റേഷനില്‍ പുതിയ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ മൂന്ന് പേരെ പിടികൂടിയത്.
പോലീസുകാരുടെ ഭാഗത്തുണ്ടായ വീഴ്ച അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി കൈക്കൊള്ളുമെന്നും അല്‍വാര്‍ സര്‍ക്കിള്‍ ഓഫീസര്‍ അമിത് സിംഗ് പറഞ്ഞു.






