Sorry, you need to enable JavaScript to visit this website.

ബിഹാറില്‍ രണ്ട് മാസം മുമ്പ് കോവിഡ് ബാധിച്ച്  മരണപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന് 'സ്ഥലംമാറ്റം'

പട്‌ന-  ബിഹാര്‍ സര്‍ക്കാരിന്റെ കൃഷി വകുപ്പ് ജൂണ്‍ 30ന് പുറത്തുവിട്ട സ്ഥലംമാറ്റം ലഭിച്ച ജീവനക്കാരുടെ പട്ടികയാണ് ഇപ്പോഴത്തെ  വിവാദങ്ങളുടെ അടിസ്ഥാനം. പുതിയ ലിസ്റ്റില്‍ കുറച്ച് മാസം മുമ്പ് മരണമടഞ്ഞ ഉദ്യോഗസ്ഥന്റെ പേര് കൂടി ഉള്‍പ്പെട്ടതൊടൊണ് ചര്‍ച്ചയായത്.
ഏകദേശം രണ്ട് മാസം മുമ്പാണ് അരുണ്‍ കുമാര്‍ ശര്‍മ്മയെന്ന കൃഷിവകുപ്പ് ഉദ്യോഗസ്ഥന്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. എന്നാല്‍ ബുധനാഴ്ച പ്രസിദ്ധീകരിച്ച സ്ഥലംമാറ്റം ലഭിച്ച ഉദ്യോഗസ്ഥരുടെ പട്ടികയില്‍ അരുണിന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പട്‌നയില്‍ നിന്ന് ഭോജ്പൂരിലേക്കാണ് അദ്ദേഹത്തിന് സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നത്.
ജീവിച്ചിരുന്ന കാലത്ത് പട്‌ന ജില്ലയിലെ നൗബത്പൂരിലായിരുന്നു അരുണിന് നിയമനം ലഭിച്ചത്. നവാഡ സ്വദേശിയായ അരുണിനെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ജക്കന്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏപ്രില്‍ 27നാണ് അദ്ദേഹം മരണപ്പെട്ടത്. എന്നാല്‍, കൃഷിവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ഇതേകുറിച്ച് വിവരമില്ലായിരുന്നു. അതുകൊണ്ടാണ് സ്ഥലം മാറ്റം ലഭിച്ച ഉദ്യോഗസ്ഥരുടെ പട്ടികയില്‍ അദ്ദേഹത്തിന്റെ പേരും ഉള്‍പ്പെട്ടത്.
പട്ടികയില്‍ മരണപ്പെട്ട ഉദ്യോഗസ്ഥന്റെ പേരുള്‍പ്പെട്ട വാര്‍ത്ത സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയും അതിനെ തുടര്‍ന്ന് അധികൃതര്‍ ലിസ്റ്റ് പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥലംമാറ്റം 'പിന്‍വലിച്ചു' എന്ന് സര്‍ക്കാര്‍ അറിയിക്കുമ്പോഴേക്കും ഒരുപാട് വൈകിയിരുന്നു.
ജൂണ്‍ 30ന് ബിഹാര്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച് പട്ടിക അനുസരിച്ച് നിരവധി ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നത്. വിദ്യാഭ്യാസവകുപ്പില്‍ മാത്രം 44 ഉദ്യോഗസ്ഥര്‍ക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചിട്ടുണ്ട്. ജോയിന്റ് ഡയറക്ടര്‍മാര്‍, ജില്ലാ വിദ്യാഭ്യാസം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥലംമാറ്റം ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. റവന്യൂ വകുപ്പ്, ഭൂപരിഷ്‌കരണ വകുപ്പ്, ഗ്രാമവികസന വകുപ്പ്, ജലവിതരണ വകുപ്പ് എന്നിവയിലും നിരവധി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിട്ടുണ്ട്.
ഈയടുത്ത് ബിഹാര്‍ പൊലീസ് സേനയില്‍ മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ള ആദ്യ വനിതാ ഡി എസ് പിയായി 27 കാരിയായ റസിയ സുല്‍ത്താന്‍ ചാര്‍ജ് എടുത്തത് വാര്‍ത്തയായിരുന്നു. ഗോപാല്‍ഗഞ്ച് ജില്ലയിലെ ഹത്വ സ്വദേശിനിയാണ് 64ാമത് ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷ വിജയിച്ച് ചരിത്രം സൃഷ്ടിച്ചത്.
മൊത്തം 40 പേരെയാണ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇവരില്‍ ഒരാളാണ് റസിയ. ബിഹാര്‍ സര്‍ക്കാരിന്റെ വൈദ്യുതി വകുപ്പില്‍ അസിസ്റ്റന്റെ എഞ്ചിനീയറായി പ്രവര്‍ത്തിക്കുകയായിരുന്നു റസിയ. അമ്മയും അഞ്ച് സഹോദരന്‍മാരും ഒരു സഹോദരിയും അടങ്ങുന്നതാണ് റസിയയുടെ കുടുംബം.ജാര്‍ഖണ്ഡിലെ ബൊക്കാറോ സ്റ്റീല്‍ പ്ലാന്റില്‍ സ്‌റ്റെനോഗ്രാഫറായി ജോലി ചെയ്യുകയായിരുന്ന പിതാവ് മുഹമ്മദ് അസ്‌ലം  അന്‍സാരി 2016ല്‍ മരിച്ചു. ബൊക്കാറോയില്‍ നിന്നാണ് റസിയ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കുടുംബം ഇപ്പോഴും അവിടെ തന്നെയാണ് താമസം. ഏഴു മക്കളില്‍ ഇളയവളായ റസിയ സുല്‍ത്താന്‍ ജോധ്പൂരില്‍ നിന്നാണ് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയത്.
 

Latest News