പതിനൊന്നു വർഷത്തെ ജയിൽ വാസം; തെളിവില്ലെന്ന് കണ്ട് മോചനം, കശ്മീരി യുവാവ് പുറത്തിറങ്ങി

കൊൽക്കത്ത- പതിനൊന്നു വർഷത്തെ ജയിൽ വാസത്തിന് ശേഷം കുറ്റക്കാരനല്ലെന്ന് കണ്ട് കശ്മീരി യുവാവിന് മോചനം. ഭീകരവാദ കുറ്റം ചുമത്തി ജയിലിൽ പാർപ്പിച്ച ബഷീർ അഹമ്മദിനെയാണ് കഴിഞ്ഞ ദിവസം കുറ്റക്കാരനല്ലെന്ന് കണ്ട് മോചിപ്പിച്ചത്. ആനന്ദ് ജില്ലയിലെ അഡീഷണൽ സെഷൻസ് ജഡ്ജാണ് ബഷീർ അഹമ്മദിനെ കുറ്റക്കാരനല്ലെന്ന് കണ്ട് മോചിപ്പിച്ചത്. കംപ്യൂട്ടർ പ്രൊഫഷണലായ ബഷീർ അഹമ്മദ് ഗുജറാത്തിലേക്ക് കാൻസർ രോഗികളെ പരിചരിക്കുന്നത് സംബന്ധിച്ച കോഴ്‌സ് ചെയ്യാൻ വേണ്ടി യാത്ര ചെയ്യുന്നതിനിടെയാണ് അറസ്റ്റിലായത്. 2010-ൽ യു.എ.പി.എ വകുപ്പുകൾ ചുമത്തി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. 2002 ഗുജറാത്ത് കലാപത്തിന് പ്രതികാരം ചെയ്യാൻ യുവാക്കളെ റിക്രൂട്ട് ചെയ്തുവെന്നായിരുന്നു കേസ്. ഹിസ്ബുൾ മുജാഹിദീൻ കമാന്ററുമായി ഇ-മെയിലിലും ഫോണിലും ബന്ധപ്പെട്ടുവെന്ന കുറ്റവും ചുമത്തി. പതിനൊന്നു വർഷത്തെ ജയിൽ വാസത്തിനിടെ ബഷീർ അഹമ്മദിന്റെ പിതാവ് കാൻസർ ബാധിച്ചു മരിച്ചു. ഗുജറാത്തിലെ ജയിലിൽ കഴിഞ്ഞിരുന്ന ബഷീർ അഹമ്മദിനെ സന്ദർശിക്കാൻ ബന്ധുക്കൾക്ക് ഒരു വട്ടം മാത്രമേ അനുമതി നൽകിയിരുന്നുള്ളൂ. രാജ്യത്ത് ഒരു കുറ്റവും ചെയ്യാതെ ജയിലിൽ കഴിയുന്നവരുടെ ഒരു പ്രതിനിധി മാത്രമാണ് ബഷീർ അഹമ്മദ്.
 

Latest News