തിരുവനന്തപുരം- 3500 കോടിയുടെ നിക്ഷേപക പദ്ധതിയിൽ സർക്കാറുമായി പ്രാഥമിക ധാരണാ പത്രം ഒപ്പിട്ട ശേഷം കിറ്റക്‌സ് ഗ്രൂപ്പ് തുടർ നടപടികൾ സ്വീകരിച്ചില്ലെന്ന് വ്യവസായ മന്ത്രി പി. രാജീവ്.
കഴിഞ്ഞ വർഷം നടന്ന സംരംഭകരുടെ സമ്മേളനത്തിൽ 3500 കോടിയുടെ നിക്ഷേപക പദ്ധതിയിൽ പ്രാഥിമിക ധാരണ പത്രത്തിലാണ് ഒപ്പു വെച്ചത്. പിന്നീട് അവരുടെ ഭാഗത്തുനിന്ന് ഒരു നീക്കവും ഉണ്ടായിട്ടില്ല. സർക്കാർ നിക്ഷേപങ്ങൾ സ്വീകരിക്കാൻ തയാറാണ്. രാഷ്ട്രീയമായ പ്രശ്‌നങ്ങളിൽ രാഷ്ട്രീയമായി തന്നെ മറുപടി നൽകും. എന്നാൽ സംരഭകൻ എന്ന നിലയിൽ പറഞ്ഞ പ്രശ്‌നങ്ങൾ ആ രീതിയിൽ പരിശോധിക്കും. ഇത്തരം വിഷയങ്ങളിൽ മാധ്യമങ്ങളെ സമീപിക്കേണ്ടത് അവസാന ഘട്ടത്തിലായിരുന്നുവെന്നും മന്ത്രി വിമർശിച്ചു. സർക്കാർ വേട്ടയാടുന്നുവെന്ന് ആരോപിച്ച് കിറ്റക്‌സ് പദ്ധതിയിൽനിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വ്യവസായ മന്ത്രിയുടെ വിശദീകരണം. വ്യവസായ സംരംഭകർക്ക് പ്രശ്‌നങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കാൻ വ്യവസായവകുപ്പ് നടപടി സ്വീകരിക്കും. പരിഹാരം കാണാൻ സാധിച്ചില്ലെങ്കിൽ മാത്രമാണ് അവസാനശ്രമമെന്ന നിലയിൽ സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കാൻ പാടുള്ളൂ.
കിറ്റക്‌സ് എം.ഡി ഉന്നയിച്ച പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹത്തെ നേരിട്ട് വിളിച്ച് സംസാരിക്കുകയും പ്രശ്‌നങ്ങൾ പരിശോധിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. കിറ്റക്‌സ് ഉന്നയിച്ച പ്രശ്‌നങ്ങൾ ഗൗരവത്തോടെ പരിശോധിക്കുമെന്ന് വ്യവസായ മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. വിഷയം പരിശോധിക്കാൻ വ്യവസായ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചിരുന്നു. അതേസമയം പ്രശ്‌ന പരിഹാരത്തിന് ആത്മാർഥമായ ഇടപെടലാണ് വേണ്ടതെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി സ്വീകരിച്ച നിലപാടിന്റ പ്രതികാരമായാണ് പരിശോധനകളെന്നായിരുന്നു കിറ്റെക്‌സ് എം.ഡിയുടെ ആരോപണം.