Sorry, you need to enable JavaScript to visit this website.

സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കുന്ന വകുപ്പ് പുനഃപരിശോധിക്കും

ന്യൂദല്‍ഹി- സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് പുനഃപരിശോധിക്കുമെന്നു സുപ്രീംകോടതി. പ്രായപൂര്‍ത്തിയായവര്‍ ഉഭയസമ്മത പ്രകാരം നടത്തുന്ന സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമായി കണക്കാക്കരുത് എന്നാവശ്യപ്പെടുന്ന ഹരജിയാണു ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടത്. സാമൂഹിക ധാര്‍മികത കാലത്തിനൊത്ത് മാറുന്നതാണ്. നിയമം ജീവിതത്തിനൊപ്പമാണ് സഞ്ചരിക്കേണ്ടത്. ഒരു വിഭാഗം ജനങ്ങള്‍ക്ക് എന്നും ഭയത്തില്‍ ജീവിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. സ്വവര്‍ഗ രതി നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെടുന്ന ഒരുകൂട്ടം ഹരജികള്‍ കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. 
സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവായ നര്‍ത്തകന്‍ നവ്‌തേജ് സിംഗ് ജോഹാര്‍, വ്യവസായി അമന്‍ നാഥ്, ഷെഫ് റിത്തു ഡാല്‍മിയ, മാധ്യമപ്രവര്‍ത്തകന്‍ സുനില്‍ മെഹ്‌റ, അയിഷ കപൂര്‍ എന്നിവരുടെ റിട്ട് ഹരജിയാണ് കോടതി പരിഗണിച്ചത്. 377-ാം വകുപ്പിന്റെ സാധുത ശരിവെച്ച വിധിക്കെതിരെ പ്രധാന ഹരജിക്കാരായ നാസ് ഫൗണ്ടേഷന്‍ നല്‍കിയ തിരുത്തല്‍ ഹരജി നിലവില്‍ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്. ഈ ബെഞ്ച് തന്നെയാണ് പുതിയ റിട്ട് ഹരജിയും പരിഗണിക്കുക. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ ഉഭയസമ്മത പ്രകാരം സ്വര്‍വര്‍ഗാനുരാഗത്തില്‍ ഏര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്ന് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ കപില്‍ സിബല്‍, അരവിന്ദ് ദത്താര്‍ എന്നിവര്‍ പറഞ്ഞു. ജീവപര്യന്തമോ അല്ലെങ്കില്‍ പത്തു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. നേരത്തെ, സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് 377ാം വകുപ്പിന്റെ ഭരണഘടനാ സാധുത ശരിവെച്ചിരുന്നു. 
പരസ്പര സമ്മതത്തോടെ അസ്വാഭാവിക ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന പ്രായപൂര്‍ത്തിയായ രണ്ടുപേരെ ജയിലില്‍ അടയ്ക്കാനാകില്ലെന്ന് അരവിന്ദ് ദത്താര്‍ വാദിച്ചു. സ്വകാര്യത മൗലികാവകാശമാണെന്ന ഒമ്പതംഗ ബെഞ്ചിന്റെ വിധിയിലെ ഭാഗങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. ലൈംഗിക പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം മൗലികാവകാശത്തിന്റെ ഭാഗം തന്നെയാണ്. ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ നിര്‍വചനം കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് 377-ാം വകുപ്പ് ശരിവെച്ച രണ്ടംഗ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. 
സന്നദ്ധ സംഘടനയായ നാസ് ഫൗണ്ടേഷന്റെ കേസില്‍ 377ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് 2009ല്‍ ദല്‍ഹി ഹൈക്കോടതി വിധിച്ചിരുന്നു. എന്നാല്‍ 2014ല്‍ ഈ വിധി സുപ്രീംകോടതി റദ്ദാക്കി പ്രസ്തുത വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്നു പ്രഖ്യാപിച്ചു. ഇതിനെതിരെ നല്‍കിയ പുനഃപരിശോധനാ ഹരജിയും സുപ്രീംകോടതി തള്ളിയിരുന്നു. തുടര്‍ന്ന് നല്‍കിയ തിരുത്തല്‍ ഹരജി വിശാല ബെഞ്ചിന് വിട്ടിരുന്നു. ഇപ്പോള്‍ പുതിയ ഹരജിയും സുപ്രീംകോടതി വിശാലബെഞ്ചിന് വിട്ടു. ഇതോടൊപ്പം 377-ാം വകുപ്പ് ശരിവെച്ച് 2013 ഡിസംബറില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയും പുനഃപരിശോധിക്കും. 
    
 

Latest News