Sorry, you need to enable JavaScript to visit this website.

സൗദിയില്‍ തൊഴില്‍ യോഗ്യതാ ടെസ്റ്റിന് തുടക്കം; മൂന്നാം തവണ പരാജയപ്പെട്ടാല്‍ ഇഖാമ പുതുക്കില്ല

റിയാദ് - വിദേശ തൊഴിലാളികളുടെ തൊഴില്‍ പരിജ്ഞാനം ഉറപ്പുവരുത്താനുള്ള പ്രൊഫഷനല്‍ ടെസ്റ്റ് പ്രോഗ്രാമിന് തുടക്കമായതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
ഘട്ടംഘട്ടമായാണ് സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികള്‍ക്ക് പ്രൊഫഷനല്‍ ടെസ്റ്റ് പ്രോഗ്രാം നിര്‍ബന്ധമാക്കുന്നത്. മൂവായിരവും അതില്‍ കൂടുതലും ജീവനക്കാരുള്ള വന്‍കിട സ്ഥാപനങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പ്രൊഫഷനല്‍ ടെസ്റ്റ് പ്രോഗ്രാം നിര്‍ബന്ധമാക്കുന്നത്. 500 ഉം അതില്‍ കൂടുതലും ജീവനക്കാരുള്ള വലിയ സ്ഥാപനങ്ങള്‍ക്ക് രണ്ടാം ഘട്ടത്തിലും 50 മുതല്‍ 499 വരെ ജീവനക്കാരുള്ള ഇടത്തരം സ്ഥാപനങ്ങള്‍ക്ക് മൂന്നാം ഘട്ടത്തിലും  ആറു മുതല്‍ 49 വരെ ജീവനക്കാരുള്ള എ വിഭാഗം ചെറുകിട സ്ഥാപനങ്ങള്‍ക്ക് നാലാം ഘട്ടത്തിലും ഒന്നു മുതല്‍ അഞ്ചു വരെ ജീവനക്കാരുള്ള ബി വിഭാഗം ചെറുകിട സ്ഥാപനങ്ങള്‍ക്ക് അവസാന ഘട്ടത്തിലും ടെസ്റ്റ് പ്രോഗ്രാം നിര്‍ബന്ധമാക്കും. അവസാന ഘട്ടം 2022 ജനുവരി മുതല്‍ നടപ്പാക്കി തുടങ്ങുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. നാലു മാസം മുമ്പാണ് പ്രൊഫഷനല്‍ ടെസ്റ്റ് പ്രോഗ്രാം മന്ത്രാലയം പ്രഖ്യാപിച്ചത്.
പ്രൊഫഷനല്‍ ടെസ്റ്റ് പ്രോഗ്രാമിന്റെ ഭാഗമായി എല്ലാവര്‍ക്കും മൂന്നു തവണ പരീക്ഷക്ക് ഹാജരാകാന്‍ അവസരമുണ്ടാകും. സൗദിയിലുള്ള തൊഴിലാളികള്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാനും വര്‍ക്ക് പെര്‍മിറ്റ് പുതുക്കാനും യോഗ്യതാ പരീക്ഷ പാസാകല്‍ നിര്‍ബന്ധമാണ്. മൂന്നു തവണയും പരീക്ഷയില്‍ പരാജയപ്പെടുന്നവര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുകയോ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുകയോ ചെയ്യില്ല. വര്‍ക്ക് പെര്‍മിറ്റില്ലാതെ ഇഖാമ പുതുക്കാന്‍ കഴിയില്ല.

 

Latest News