റിയാദ് - നഗരത്തിലെ പ്രശസ്തമായ ഷോപ്പിംഗ് മാളുകളിൽ ഒന്നായ റിയാദ് പാർക്കിൽ ഒരു കൂട്ടം യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പരസ്പരം ഇടിക്കുകയും തൊഴിക്കുകയും ശിരോവസ്ത്രത്തിൽ ധരിക്കുന്ന വട്ട് (ഇഗാൽ) ഉപയോഗിച്ച് അടിക്കുകയും ചെയ്ത യുവാക്കൾ കൂട്ടത്തിൽ ചിലരെ ചവിട്ടിത്തള്ളിയിടുകയും ചെയ്തു. സംഘർഷം നടന്ന സ്ഥലത്തു നിന്ന് സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ അകന്നുനിന്നു.
ദൃക്‌സാക്ഷികളിൽ ചിലർ ഇടപെട്ട് സംഘർഷത്തിൽ ഏർപ്പെട്ടവരെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഇവരുടെ കൈകളിൽ നിന്ന് കുതറിമാറി യുവാക്കൾ വീണ്ടും ഏറ്റുമുട്ടി. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.






