Sorry, you need to enable JavaScript to visit this website.

തമിഴകത്തെ സൂര്യോദയമായി സ്റ്റാലിൻ

എം.കെ സ്റ്റാലിൻ അയൽ സംസ്ഥാനത്തെ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി നടത്തിയ പ്രഖ്യാപനമാണ് വനിതകൾക്ക് സൗജന്യ യാത്ര. അതിനൊപ്പം ധാരാളം വിഭവങ്ങളുൾപ്പെടുന്ന കിറ്റും സൗജന്യമായി നൽകുന്നു. തീർന്നില്ല, നാലായിരം രൂപയുടെ ധനസഹായവുമുണ്ട്. നമ്മുടെ തലസ്ഥാന നഗരമായ അനന്തപുരിയിൽ നിന്ന് ഒരു മണിക്കൂറിൽ താഴെ കന്യാകുമാരി റൂട്ടിൽ യാത്ര ചെയ്താൽ അയൽ സംസ്ഥാനത്തെ പാവങ്ങൾ അനുഭവിക്കുന്ന സൗജന്യം നേരിട്ടറിയാം. അതൊക്കെ രാഷ്ട്രീയക്കാരന്റെ ചെപ്പടി വിദ്യയെന്ന് പറഞ്ഞ് എഴുതിത്തള്ളാൻ വരട്ടെ. പുതിയ മുഖ്യമന്ത്രി നടത്തിയ ഓരോ നിയമനവും ശ്രദ്ധേയമായിരുന്നു. ഏറ്റവുമൊടുവിൽ സംസ്ഥാനത്തെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനെയാണ്. ആർബിഐയിലെ  കാലവധി കഴിഞ്ഞ് അമേരിക്കൻ സർവകലാശാലയിലേക്ക് യാത്ര തിരിച്ച അദ്ദേഹത്തെ കൊണ്ടു വന്നതിൽ ഭരണാധികാരിയുടെ ദീർഘ വീക്ഷണം വ്യക്തമാണ്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ രാജ്യം തന്നെ അദ്ദേഹത്തിന്റെ സേവനം ആഗ്രഹിക്കുന്നുവെന്നത് വേറെ കാര്യം. സിനിമക്കാർ വാഴുന്ന തമിഴകത്തെ മുഖ്യമന്ത്രി സ്റ്റാലിൻ ഏറെ പ്രതീക്ഷയ്ക്ക് വക നൽകുന്നു.  
പെരിയാറിലും കാമരാജിലും ആരംഭിച്ച് എംജിആറിലും കരുണാനിധിയിലും ജയലളിതയിലും കേന്ദ്രീകരിച്ചിരുന്ന ദ്രാവിഡ രാഷ്ട്രീയം എന്നും പ്രതികാരത്തിന്റേതും തിരിച്ചടികളുടേതുമായാണ് ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുള്ളത്.

നേർക്കുനേർ ഏറ്റുമുട്ടി, കൊണ്ടും കൊടുത്തും വളർന്ന ഡിഎംകെയും എഐഡിഎംകെയും ഇന്ത്യൻ ജനാധിപത്യത്തിലെയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെയും മാറ്റിനിർത്താൻ സാധിക്കാത്ത അധ്യായമാണ്. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലൂടെ രാജ്യമാകെ അധികാരത്തിലെത്തിയ ഇന്ത്യൻ നാഷനൽ കോൺഗ്രസിനെ തകർത്തെറിഞ്ഞ ഒരു പ്രാദേശിക പാർട്ടി. അവിടെയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഡിഎംകെയുടെ ചരിത്രം തുടങ്ങുന്നത്. പിന്നീട് പാർട്ടിയിലെ പ്രധാന നേതാവായിരുന്ന എംജിആർ പുറത്തു പോയി എഐഡിഎംകെ രൂപീകരിച്ചപ്പോഴും നഷ്ടം കോൺഗ്രസിന് തന്നെയായിരുന്നു. ഭരണപക്ഷത്തും പ്രതിപക്ഷത്തും ദ്രാവിഡ പാർട്ടികൾ സർവാധിപത്യം ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 
ദ്രാവിഡ ചിന്തകൾ ആയുധമാക്കി തമിഴ് ജനതയുടെ മനസ്സിൽ കുടിയേറിയ ഡിഎംകെയെ ജനകീയമാക്കുന്നതിൽ അല്ലെങ്കിൽ അതിന്റെ തുടക്കം മുതൽ അങ്ങേയറ്റം പരിശ്രമിക്കുന്ന രണ്ട് നേതാക്കന്മാരായിരുന്നു കരുണാനിധിയും എംജിആറും. സിനിമയെ അവർ അതിനൊരു ആയുധമാക്കുകയും ചെയ്തു. എഴുത്തിലൂടെ കലൈഞ്ജറും അഭിനയത്തിലൂടെ എംജിആറും അവരുടെ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചു. എന്നാൽ ഇരുവരും തമ്മിലുള്ള അകൽച്ച പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾക്കാണ് തമിഴ്‌നാട്ടിൽ തുടക്കം കുറിച്ചത്. എംജിആറിന് ശേഷം അദ്ദേഹത്തിന്റെ വിശ്വസ്ത ജയലളിത എത്തിയപ്പോഴും അതിൽ മാറ്റമൊന്നും ഉണ്ടായില്ല. പരസ്പരം ചെളിവാരിയെറിഞ്ഞും പൊതുമധ്യത്തിൽ അപമാനിച്ചും അവർ പകരം വീട്ടി. 


ഇതിനെയെല്ലാം തിരുത്തിയെഴുതുകയാണ് മുത്തുവേൽ കരുണാനിധി സ്റ്റാലിൻ എന്ന എം.കെ സ്റ്റാലിൻ. അച്ഛന്റെ മൂർച്ചയുള്ള വാക്കുകളോ ആളുകളെ പെട്ടെന്ന് ആകർഷിക്കുന്നതിനുള്ള കരിസ്മയോ അദ്ദേഹത്തിന്  ഇല്ലാതിരുന്നിട്ടും ഒരു ദീർഘദർശിയെ പോലെ പ്രസ്ഥാനത്തെയും തന്റെയൊപ്പം നിന്നവരെയും നയിച്ച് അദ്ദേഹം മുഖ്യമന്ത്രിയായി. പത്ത് വർഷം പ്രതിപക്ഷ സ്ഥാനത്ത് ഇരിക്കേണ്ടി വന്നതിന്റെ ക്ഷീണമൊന്നുമില്ലാതെ ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടി, സർക്കാരിന്റെ തെറ്റുകൾക്ക് നേരെ വിരൽ ചൂണ്ടി. 
മുഖ്യമന്ത്രിയാകുന്നതിന് മുമ്പേ ദ്രാവിഡ രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ സൂചനകൾ നൽകിയ ഏക നേതാവാണ് എം.കെ സ്റ്റാലിൻ. അതുകൊണ്ട് ഇത്തവണ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് ഉറപ്പായിരുന്നു. 2016 ൽ ജയലളിതയും 2019 ൽ കരുണാനിധിയും മരിച്ചതോടെ തമിഴക രാഷ്ട്രീയം ഏവരുടെയും ശ്രദ്ധാകേന്ദ്രങ്ങളിലൊന്നായി. ഇനി എന്ത് എന്ന ആശങ്കയും കൗതുകവുമായിരുന്നു അതിന് പിന്നിൽ. പ്രതീക്ഷിച്ചതു പോലെ  എഐഡിഎംകെയിൽ ജയലളിതയുടെ മരണത്തിന് ശേഷം അധികാര പിടിവലികൾ ശക്തമായി. അതേസമയം,  സ്റ്റാലിൻ പാർട്ടിയുടെ സെമി കാഡർ സ്വഭാവത്തിലൂടെ ഡിഎംകെയെ ഒറ്റക്കെട്ടായി പിടിച്ചു നിർത്തി. 


അച്ഛന്റെ കൃത്യമായ ശിക്ഷണമാണ് സ്റ്റാലിന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം കാണാൻ സാധിച്ചിരുന്നത്. കരുണാനിധിയെ പോലെ തോൽവി അറിയാത്ത നേതാവല്ലായിരുന്നു അദ്ദേഹം. എന്നാൽ ഓരോ തോൽവികളും അദ്ദേഹത്തെ ശക്തനായ നേതാവാക്കി പരുവപ്പെടുത്തുന്നതായിരുന്നു. യുവജന പ്രസ്ഥാനത്തിന്റെ ചുമതല മുതൽ പാർട്ടിയുടെ ഉന്നതാധികാരത്തിലേക്ക് പടി പടിയായുള്ള കടന്നുവരവ്. ജനപ്രതിനിധിയെന്ന നിലയിലും അങ്ങനെ തന്നെ. ഈ കലയളവിലെല്ലാം തന്നെ, തന്നിലെ നേതാവിനെ മാത്രമല്ല തമിഴ് രാഷ്ട്രീയത്തിലും മാറ്റങ്ങൾ കൊണ്ടുവരാൻ സ്റ്റാലിൻ ശ്രമം ആരംഭിച്ചിരുന്നു. പിതാവ് കരുണാനിധിയുടെ മരണത്തിന് ശേഷം മാത്രമാണ് സ്റ്റാലിൻ പാർട്ടിയുടെ പൂർണ ചുമതലയിലേക്ക് എത്തുന്നത്. ശക്തനായ പ്രതിപക്ഷ നേതാവായി അതിനോടകം തന്നെ അയാൾ മാറിയിരുന്നു. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ സാധാരണയായി പങ്കെടുക്കാറില്ലാത്ത പ്രതിപക്ഷ വഴക്കം 2016 ൽ സ്റ്റാലിൻ തിരുത്തി. സ്റ്റാലിനും പ്രതിപക്ഷ എംഎൽഎമാരും ജയലളിതയുടെ സത്യപ്രതിജ്ഞാ ചടങ്ങ് കാണാൻ എത്തി. എന്നാൽ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം 16 ാം നിരയിലാക്കി എഐഡിഎംകെ രാഷ്ട്രീയ വൈര്യം ഒരിക്കൽ കൂടി കാട്ടി. എന്നാൽ ക്ഷമയോടെ  തനിക്ക് ലഭിച്ച ഇരിപ്പിടത്തിലിരുന്ന് സസൂക്ഷ്മം പരിപാടി വീക്ഷിച്ചു. പിന്നീടങ്ങോട്ട് ക്രിയാത്മകമായ ഒരു പ്രതിപക്ഷമായി സ്റ്റാലിനും സംഘവും നിയമസഭയ്ക്കുള്ളിലും പുറത്തും നിറഞ്ഞു. രാഷ്ട്രീയമായും ആശയപരമായുമുള്ള എതിർപ്പുകൾ നിലനിൽക്കുമ്പോൾ തന്നെ സ്റ്റാലിൻ ദ്രാവിഡ രാഷ്ട്രീയത്തിലെ സ്വഭാവത്തിൽ മാറ്റത്തിനായി ശ്രമിക്കുന്നുണ്ടായിരുന്നു. ഒപ്പം പെരിയാർ മുന്നോട്ടുവെച്ച ദ്രാവിഡ കഴകത്തെ അതിന്റെ സ്വത്വത്തിൽ നിലനിർത്താനുള്ള ശ്രമങ്ങളും. 


2019 ൽ കരുണാനിധി മരിക്കുമ്പോൾ അദ്ദേഹത്തെ അടക്കാനുള്ള സ്ഥലത്തിനായി കോടതി കയറേണ്ടി വന്നു. ഒരു സാഹചര്യത്തിലും ഡിഎംകെ നേതാക്കൾ എഐഡിഎംകെയ്ക്ക് മുന്നിൽ പോകാറില്ലെന്ന പതിവ് തെറ്റിച്ചുകൊണ്ട് സ്റ്റാലിൻ നേരിട്ട് മറീനാ ബീച്ചിൽ സി.എൻ അണ്ണാദൂരൈയുടെ അടുത്ത് തന്നെ കരുണാനിധിക്ക് വിശ്രമ സ്ഥലം ഒരുക്കണമെന്ന അപേക്ഷയുമായി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് മുന്നിലെത്തി. എന്നാൽ അത് നിരസിച്ച സർക്കാരിന് പിന്നീട് കോടതി ഉത്തരവനുസരിച്ച് സ്ഥലം അനുവദിക്കേണ്ടി വന്നു. എന്നാൽ  ഇത് മനസ്സിൽ വെക്കാതെ എടപ്പാടിയുടെ അമ്മ മരിച്ചപ്പോൾ സ്റ്റാലിൻ നേരിട്ടെത്തി അനുശോചനം അറിയിച്ചതും തമിഴ് ജനതയ്ക്ക് പുതിയ കാഴ്ചയായിരുന്നു, അനഭവമായിരുന്നു. അധികാരത്തിലെത്തിയപ്പോഴും സ്റ്റാലിന്റെ പ്രവൃത്തികൾ എതിരാളികളെ പോലും കൈയിലെടുക്കുന്നതായിരുന്നു. എഡിഎംകെയിലെ ശക്തനായ നേതാവും മുൻ മുഖ്യമന്ത്രിയുമായി ഒ പനീർശെൽവം സ്റ്റാലിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലെ വിശിഷ്ട അതിഥികളിലൊരാളായി മുൻനിരയിൽ തന്നെയുണ്ടായിരുന്നു. സർക്കാരിന്റെ പല സുപ്രധാന കമ്മിറ്റികളിലും കൂടുതൽ അംഗങ്ങൾ എത്തിയതും പ്രതിപക്ഷ നിരയിൽ നിന്ന് തന്നെ. പ്രതിപക്ഷത്തെ പൂർണമായും ബഹുമാനിച്ചുകൊണ്ടും പരിഗണിച്ചുകൊണ്ടും മുന്നോട്ട് പോവുകയാണ് സ്റ്റാലിൻ. 


എം.കെ സ്റ്റാലിന് ആശ്വസിക്കാവുന്ന കാര്യങ്ങളാണ് ഇപ്പോൾ പ്രതിപക്ഷത്ത് നടക്കുന്നതെന്നതും ശ്രദ്ധേയമാണ്. അധികാരം നഷ്ടപ്പെട്ട എഐഎഡിഎംകെയിൽ പാർട്ടി കൈപ്പിടിയിലൊതുക്കാൻ കടുത്ത ത്രികോണ മൽസരമാണ് നടക്കുന്നത്. മുൻ മുഖ്യമന്ത്രിമാരായ ഒ പനീർ
ശെൽവവും എടപ്പാടി പളനിസ്വാമിയും ജയലളിതയുടെ ഉറ്റ തോഴി വി കെ ശശികലയും എഐഎഡിഎംകെയുടെ അധികാര ശ്രേണികൾ കൈയടക്കാനുള്ള പോരാട്ടത്തിലാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ തകർച്ച നേരിട്ടെങ്കിലും പാർട്ടിക്കുള്ളിലെ അധികാരത്തിനുള്ള പോരാട്ടം തുടരുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വെറും 66 സീറ്റിൽ എഐഎഡിഎംകെക്ക് ഒതുങ്ങേണ്ടിവന്നു.


പാർട്ടിയിൽ കൂടുതൽ കരുത്ത് എടപ്പാടി വിഭാഗത്തിനാണ് ഇപ്പോഴുള്ളത്. പാർട്ടി നിയമസഭാ കക്ഷി നേതാവും എടപ്പാടി തന്നെയാണ്. എടപ്പാടിയുടെ അടുത്ത അനുയായി എസ് പി വേലുമണിയാണ് നിയമസഭയിലെ പാർട്ടി ചീഫ് വിപ്പ്. എന്നാൽ നിയമസഭയിൽ എടപ്പാടിയുടെ ഡെപ്യൂട്ടി സ്ഥാനത്ത് പനീർശെൽവം ഒതുക്കപ്പെടുകയും ചെയ്തു. 67 കാരനായ എടപ്പാടി പളനിസ്വാമി ജയലളിതയുടെ മരണ ശേഷം പാർട്ടിയിൽ പിടിമുറുക്കുകയായിരുന്നു. ഒ പനീർശെൽവം ജയലളിതയുടെ മരണ ശേഷം മുഖ്യമന്ത്രിയായെങ്കിലും പിന്നീട് മാറ്റപ്പെടുകയും എടപ്പാടി 2017 മുതൽ നാലു വർഷം തമിഴ്‌നാട് ഭരിക്കുകയും ചെയ്തു. ഇതെല്ലാം എടപ്പാടിക്ക് എഐഎഡിഎംകെയിൽ മേൽക്കൈ നൽകുന്നതാണ്.
ഇതിനിടയിലേക്കാണ് ജയലളിതയുടെ ഉറ്റ തോഴിയും ഒരു കാലത്ത് പാർട്ടിയുടെ അധികാര കേന്ദ്രവുമായ വി കെ ശശികലയുടെ കടന്നുവരവ്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കർണാടക ജയിലിൽ കഴിഞ്ഞിരുന്ന വി കെ ശശികല മോചിതയായത് തമിഴ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശന സ്വപ്നം മുൻനിർത്തി തന്നെയാണ്. എന്നാൽ തമിഴകത്തേക്ക് പ്രവേശിപ്പിക്കപ്പെട്ട ശശികലയെ എ ഐ എ ഡി എം കെയിലെ ഇരുപക്ഷവും ഒരുപോലെ എതിർക്കുന്നതാണ് പിന്നീട് കണ്ടത്. 


എടപ്പാടിയുടേയും പനീർശേൽവത്തിന്റേയും ഇടയിൽ നിലനിൽക്കുന്ന വിള്ളൽ തന്റെ പ്രവേശനത്തിന് ഗുണം ചെയ്യുമെന്നാണ് ശശികലയുടെ കണക്കൂകൂട്ടലുകൾ. എന്നാൽ ഇക്കാര്യം മുന്നിൽ കണ്ട ഇരുപക്ഷവും ശശികലയുടെ അനുയായികളായി അറിയപ്പെടുന്ന പാർട്ടിയിലെ 16 പേരെയാണ് ഇക്കഴിഞ്ഞ കാലത്ത് പുറത്താക്കിയത്. പാർട്ടി വക്താവ് വി പുകഴേന്തി, മുൻ മന്ത്രിമാരായ എ ആനന്ദൻ, മുൻ എം പി ചിന്നസ്വാമി എന്നിവരും പുറത്താക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. പാർട്ടിയിൽ വളരുന്ന വിഷമയമായ കളകളെയാണ് പുറത്താക്കിയതെന്നാണ് ജൂൺ 14 ന് നടന്ന പാർട്ടി യോഗം ഇത് സംബന്ധിച്ച് അഭിപ്രായപ്പെട്ടത്. പാർട്ടിയെ പിടിച്ചടക്കാനുള്ള ശശികലയുടെ ശ്രമങ്ങളേയും യോഗം അപലപിച്ചു. എന്നാൽ പാർട്ടിയിൽ തുടരുന്ന ത്രികോണ മൽസരം അടുത്ത് നടക്കാനിരിക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിൽ ബാധിച്ചേക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.  ഒരു കാര്യം ഉറപ്പിച്ചു പറയാം. എം.കെ സ്റ്റാലിന്റെ തുടക്കം ഗംഭീരമായി. 

 

Latest News