ന്യൂദല്‍ഹി- തങ്ങള്‍ നിര്‍മ്മിച്ച സൈക്കോവ്-ഡി കോവിഡ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി പ്രമുഖ മരുന്ന് നിര്‍മാണ കമ്പനിയായ സൈഡസ് കാഡില സര്‍ക്കാരിനെ സമീപിച്ചു. ലോകത്തെ ആദ്യ പ്ലാസ്മിഡ് ഡിഎന്‍എ വാക്‌സിനായ സൈക്കോവ്-ഡി കുത്തിവെപ്പ് ആവശ്യമില്ലാത്ത മൂന്ന് ഡോസ് പ്രതിരോധ മരുന്നാണെന്നും കുട്ടികള്‍ക്ക് സുരക്ഷിതമാണെന്നും കമ്പനി പറയുന്നു. അനുമതി ലഭിച്ചാല്‍ പ്രതിവര്‍ഷം 12 കോടി ഡോസ് ഉല്‍പ്പാദിപ്പിക്കാനാണു സൈഡസ് കാഡിലയുടെ പദ്ധതി. കോവാക്‌സിനു ശേഷം ഇന്ത്യയില്‍ വികസിപ്പിക്കുന്ന രണ്ടാമത്തെ വാക്‌സിനാണിത്. സൈക്കോവ്-ഡി കൂടി എത്തിയാല്‍ ഇന്ത്യയില്‍ ലഭ്യമായ കോവിഡ് വാക്സിനുകളുടെ എണ്ണം അഞ്ചാകും. കോവീഷീല്‍ഡ് എന്ന പേരില്‍ ഓക്‌സ്‌ഫൊഡ് ആസ്ട്രസെനക, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, റഷ്യയുടെ സ്പുട്‌നിക് V, യുഎസിന്റെ മൊഡേണ എന്നിവയാണ് ഇന്ത്യയില്‍ അനുമതി ലഭിച്ചിട്ടുള്ള മറ്റ് നാലു വാക്‌സിനുകള്‍.
ലക്ഷണങ്ങളോട് കൂടിയ കോവിഡിനെതിരെ പുതിയ സൈകോവ് ഡി വാക്‌സിന്‍ 66.6 ശതമാനം ഫലപ്രദമാണെന്ന് കമ്പനി അവകാശപ്പെടുന്നു. തീവ്രതകുറഞ്ഞ കോവിഡിനെ 100 ശതമാനം ഈ വാക്‌സിന്‍ പ്രതിരോധിക്കുമെന്നും 12 വയസ്സു മുതല്‍ 18 വരെ പ്രായമുള്ള കുട്ടികള്‍ക്കും ഇതു നല്‍കാമെന്നും കമ്പനി പറയുന്നു. അതേസമയം ഈ വാക്‌സിന്‍ പരീക്ഷണം നടത്തി കണ്ടെത്തിയ ഫലങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടന്നിട്ടില്ല. രാജ്യത്തുടനീളം 28,000 പേരിലാണ് ഈ വാക്‌സിന്‍ പരീക്ഷിച്ചത്. ഇവരില്‍ 1000 പേര്‍ 12-18 പ്രായഗണത്തിലുള്ള കുട്ടികളായിരുന്നുവെന്നും സൈഡസ് പറഞ്ഞു.
ഏറെ അപകടകാരിയായ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നതിനിടെയാണ് ഈ വാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ നടത്തിയത്. ഇന്ത്യയില്‍ രണ്ടാം തരംഗം അതിരൂക്ഷമായ ഘട്ടത്തിലാണ് പഠനം നടന്നതെന്നും ഇത് പുതിയ വൈറസ് വകഭേദങ്ങള്‍ക്കെതിരെ ഈ മരുന്നിന്റെ ഫലപ്രാപ്തി സ്ഥിരീകരിക്കാന്‍ സഹായിച്ചെന്നും കമ്പനി അവകാശപ്പെടുന്നു.