Sorry, you need to enable JavaScript to visit this website.

ലൈംഗികാതിക്രമ കേസില്‍ രണ്ടു വർഷം ജയിലിലടച്ച പ്രശസ്ത നടനെ കുറ്റവിമുക്തനാക്കി

ഫിലാഡെല്‍ഫിയ- ലൈംഗികാതിക്രമ കേസില്‍ പ്രശസ്ത യു.എസ് ഹാസ്യതാരം ബില്‍ കോസ്ബിക്ക് വിധിച്ച ശിക്ഷ പെന്‍സില്‍വാനിയയിലെ സുപ്രീം കോടതി റദ്ദാക്കി. 83 കാരനായ ഹോളിവുഡ് താരം രണ്ട് വര്‍ഷത്തിലേറെ ജയില്‍ ശിക്ഷ അനുഭവിച്ച ശേഷമാണ് മോചനത്തിന് വഴി തുറന്നത്. മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെ തടവ് ശിക്ഷക്കു വിധിച്ച കോസ്ബി ഫിലാഡെല്‍ഫിയക്കു സമീപത്തെ സ്റ്റേറ്റ് ജയിലിലാണ്. 2004 ല്‍ മുന്‍ ബാസ്‌കറ്റ് ബോള്‍ താരം ആന്‍ഡ്രിയ കോണ്‍സ്റ്റന്‍ഡിനെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്നാണ് കേസ്. 1980 കളില്‍ പ്രശസ്തമായ ടി.വി സീരീസായ ദ കോസ്ബി ഷോയില്‍ അമേരിക്കാസ് ഡാഡ് എന്നാണ് ബില്‍ കോസ്ബി അറിയപ്പെട്ടത്. കോസ്ബിക്കെതിരെ നിരവധി സ്ത്രീകള്‍ ലൈംഗിക ആരോപണവുമായി രംഗത്തുവന്നിരുന്നെങ്കിലും ആന്‍ഡ്രിയയുടെ പരാതിയില്‍ മാത്രമാണ് വിചാരണ ചെയ്തതും ശിക്ഷിക്കപ്പെട്ടതും. 2018 ല്‍ കോസ്ബിക്ക് ശിക്ഷ വിധിച്ചത് മി ടൂ പ്രസ്ഥാനത്തില്‍ ചരിത്രപ്രധാനമായിരുന്നു.
കേസിന്റെ പ്രക്രിയയില്‍ ചട്ടലംഘനമുണ്ടായിട്ടുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. തനിക്കെതിരെ കുറ്റം ചുമത്തില്ലെന്ന് മുന്‍ പ്രോസിക്യൂട്ടറുമായി കോസ്ബി ധാരണയിലെത്തിയിരുന്നുവെന്ന് കോടതി വ്യക്തമാക്കി.
'ലൈംഗികാതിക്രമിയായ വേട്ടക്കാരന്‍' എന്നാണ് പെന്‍സില്‍വാനിയ ജഡ്ജി സ്റ്റീവന്‍ ഒ നീല്‍ വിധി പ്രസ്താവിക്കവേ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ജീവിതകാലം മുഴുവന്‍ പ്രതിമാസ കൗണ്‍സലിങിന് അദ്ദേഹത്തെ വിധേയനാക്കണമെന്നും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് മൂന്നു മാസത്തിലൊരിക്കല്‍ കൃത്യമായി നല്‍കണമെന്നും കോടതി വിധിയില്‍ പറഞ്ഞിരുന്നു. കൂടാതെ ലൈംഗിക കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തുന്ന രജിസ്ട്രിയില്‍ കോസ്ബിയുടെ പേര് കൂട്ടിച്ചേര്‍ത്ത് അത് അയല്‍ക്കാര്‍ക്കും സ്‌കൂളുകളിലേക്കും അയക്കണമെന്നും ഉത്തരവായിരുന്നു.
നടിമാര്‍ ലൈംഗികചൂഷണത്തിന്റെ അനുഭവങ്ങള്‍ വെളിപ്പെടുത്തി തുടങ്ങിവച്ച മി ടൂ മുന്നേറ്റത്തിന്റെ ഭാഗമായി ആദ്യമായി ശിക്ഷ ലഭിച്ച  താരമായിരുന്നു കോസ്ബി. തന്റെ കക്ഷിയുടെ പ്രായവും അനാരോഗ്യവും പരിഗണിച്ച് ജയിലിലേക്ക് അയയ്ക്കാതെ വീട്ടുതടങ്കല്‍ തുടരാന്‍ അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. അറുപതോളം സ്ത്രീകള്‍ കോസ്ബിയുടെ പേരില്‍ പീഡനപരാതിയുമായി രംഗത്തെത്തിയിരുന്നു. 30 വര്‍ഷം വരെ ശിക്ഷ ലഭിക്കേണ്ട കേസില്‍ 5 മുതല്‍ പത്തു വര്‍ഷം വരെ ശിക്ഷ നല്‍കണമെന്നാണു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.
1961 മുതല്‍ അമേരിക്കന്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ ഹരമായിരുന്നു കോസ്ബി. 1965ല്‍, 'ഐ സ്‌പൈ' എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ, ഒരു െ്രെപം ടൈം ടിവി ഷോ അവതരിപ്പിക്കുന്ന ആദ്യത്തെ കറുത്ത വംശജനായ താരമായി അദ്ദേഹം മാറി. ഹാസ്യപരിപാടികളിലൂടെ നിറഞ്ഞുനിന്ന കോസ്ബിക്ക് അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ 'പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം' ലഭിച്ചിട്ടുണ്ട്.

 

Latest News