ഇടുക്കി-വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിൽ കഴുത്തിൽ ഷാൾ കുരുങ്ങി ആറു വയസുകാരി മരിച്ചു. കണ്ണൻ - പ്രേമലത ദമ്പതികളുടെ ഇളയ മകൾ ഹർഷിതയാണ് മരിച്ചത്. മാതാപിതാക്കൾ ജോലിക്കു പോയിരുന്ന സമയത്ത് വീടിനുള്ളിൽ വാഴക്കുല കെട്ടി തൂക്കിയിരുന്ന  കയറിൽ പിടിച്ചു കളിക്കുന്നതിനിടെ  കഴുത്തിലുണ്ടായിരുന്ന ഷാൾ കയറിൽ കുരുങ്ങി കഴുത്തു മുറുകിയാണ് അപകടം സംഭവിച്ചതെന്ന് പോലീസ് അറിയിച്ചു.
മൃതദേഹം ചുരക്കുളം പ്രാഥമിക ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നും പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. വണ്ടിപ്പെരിയാർ സിഐ ടി.ഡി. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
 







 
  
 