അശ്ലീല ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ ട്വിറ്ററിനോട് വനിതാ കമ്മീഷന്‍

ന്യൂദല്‍ഹി- ട്വിറ്ററില്‍ പോസ്റ്റ് ചെയ്യപ്പെട്ട അശ്ലീല ഉള്ളടക്കങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യാന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍. ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ ട്വിറ്ററിന് ഏഴ് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്ന് വനിതാ കമ്മീഷന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

ട്വിറ്റര്‍ ഇന്ത്യ മേധാവിക്ക് ദേശീയ വനിതാ കമ്മീഷന്‍ രേഖ ശര്‍മ കത്തെഴുതി. ട്വിറ്ററില്‍ അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്ന അശ്ലീല സ്വഭാവമുള്ള എല്ലാ ഉള്ളടക്കങ്ങളും ഒരാഴ്ചക്കുള്ളില്‍ നീക്കം ചെയ്യണമെന്നാണ് ട്വിറ്ററിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം ഉള്ളടക്കങ്ങള്‍ സംബന്ധിച്ച വിവരങ്ങളും കമ്മീഷന്‍ കൈമാറിയിട്ടുണ്ട്. വിഷയത്തില്‍ കമ്പനി എടുത്ത നടപടികള്‍ സംബന്ധിച്ച് 10 ദിവസത്തിനകം മറുപടി നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

വിഷയത്തില്‍ ട്വിറ്ററിനെതിരേ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി പോലീസ് കമ്മീഷണര്‍ക്കും വനിതാ കമ്മീഷന്‍ കത്തെഴുതിയിട്ടുണ്ട്. ട്വിറ്ററിനെതിരേ നേരത്തെയും ഇത്തരം പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ നടപടി സ്വീകരിക്കാന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ നിയമങ്ങള്‍ക്കും ട്വിറ്ററിന്റെ തന്നെ നയങ്ങള്‍ക്കും വിരുദ്ധമാണിതെന്നും കമ്മീഷന്‍ കത്തില്‍ വ്യക്തമാക്കി.

 

Latest News