ലാലു തുറന്ന ജയിലിലേക്ക്; ബാത്ത് അറ്റാച്ച്ഡ് മുറിയും അടുക്കളയും ലഭിക്കും

റാഞ്ചി- കാലിത്തീറ്റ കുംഭകോണത്തില്‍ മൂന്നര വർഷത്തെ കഠിന തടവിന് ശിക്ഷക്കപ്പെട്ട ബിഹാർ മുന്‍ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ  ലാലു പ്രസാദ് യാദവിനേയും മറ്റു 15 പ്രതികളേയും റാഞ്ചി ജയിലില്‍നിന്ന് ഹസാരിബാഗിലെ തുറന്ന ജയിലിലേക്ക് മാറ്റും.

പല പ്രതികളും പ്രായധിക്യവും മോശം ആരോഗ്യ സ്ഥിതിയും ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് തുറന്ന ജയില്‍ നല്‍കാവുന്നതാണെന്ന് ഉത്തരവില്‍ ഉള്‍പ്പെടുത്തിയത്. കാലികള്‍ക്ക് തീറ്റയും മരുന്നും കൊടുത്ത് പരിചയമുള്ളവരായതിനാല്‍ പ്രതികള്‍ക്ക് അവിടെ ഫാമി‍ല്‍ സേവനമനുഷ്ഠിക്കാവുന്നതാണെന്നും ജഡ്ജി പറഞ്ഞു.

ഹസാരിബാഗിലെ തുറന്ന ജയില്‍ 2013 ലാണ് ആരംഭിച്ചത്. തുടക്കത്തില്‍ 25 തടവുകാരാണ് ഉണ്ടായിരുന്നത്. ഇവരില്‍ ഭൂരിഭാഗവും മാവോയിസ്റ്റ് സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് പ്രവർത്തകരായിരുന്നു. തടവുകാർക്ക് കുടുംബത്തെ കൂടി പാർപ്പിക്കാവുന്ന 100 ക്വാർട്ടേഴ്സുകള്‍ ഇവിടെയുണ്ട്. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടവരില്‍ നല്ല പെരുമാറ്റം കാഴ്ചവെച്ചവരെയാണ് പൊതുവെ തുറന്ന ജയിലുകളിലേക്ക് മാറ്റാറുള്ളത്. 

ലാലുവിനേയും മറ്റും സ്വീകരിക്കാന്‍ തുറന്ന ജയില്‍ ഒരുങ്ങിയതായി റിപ്പോർട്ടുകളില്‍ പറയുന്നു. ഒരു ബാത്ത് അറ്റാച്ച്ഡ് മുറിയും കിച്ചണും അടങ്ങുന്നതാണ് തുറന്ന ജയിലിലെ ക്വാർട്ടേഴ്സ്. തടവുകാരനും ഭാര്യക്കും ചെറിയ കുട്ടിക്കും മതിയായ സൌകര്യമാണ് ഇതിലുള്ളത്. 20 ഏക്കറോളം പരന്നു കിടക്കുന്ന ജയില്‍ വളപ്പിലേക്ക് ഉടന്‍ തന്നെ രണ്ട് ഡസനിലേറെ കാലികളെ കൊണ്ടുവരുന്നണ്ടെന്ന്  ജയില്‍ ഗാർഡ് ശങ്കർ റാം പറഞ്ഞു. 

Latest News