ഹൃദയംകൊണ്ട് താന്‍ മലയാളി, വികാരാധീനനായി ബെഹ്റ

തിരുവനന്തപുരം- ഹൃദയംകൊണ്ട് താന്‍ മലയാളിയാണെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ വികാരാധീനനായി ലോക്നാഥ് ബെഹ്റ. തിരുവനന്തപുരം പേരൂര്‍ക്കട എസ്.എ.പി മൈതാനത്ത്  സേനാംഗങ്ങള്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ബെഹ്റ. താന്‍ മുണ്ട് ധരിച്ചതും മലയാളം സംസാരിച്ചതും ആരെയും കാണിക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു.

36 വര്‍ഷം ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ ജോലി ചെയ്ത ശേഷം ഇന്ന് വിരമിക്കുകയാണ്. ദുഃഖമോ, സങ്കടമോ ഇല്ല. ഓരോ ആളുടെ ജീവിതത്തിലും ഒരോ സമയത്ത് റിക്രൂട്ട്മെന്റ് ഉണ്ടാകും, പോസ്റ്റിംഗ്, പ്രമോഷന്‍ ഉണ്ടാകും, അതുപോലെ എക്സിറ്റ് ഉണ്ടാകും. ഇത് ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. അഞ്ചുവര്‍ഷം പോലീസ് മേധാവിയുടെ കസേരയില്‍ ഇരിക്കുമ്പോള്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ താഴ്ചകളില്‍ വിഷമിച്ചിട്ടില്ല. മറിച്ച് അതേ കുറിച്ച് അവലോകനം നടത്തി അതിനെ എങ്ങനെ അതിജീവിക്കാം ഏത് രീതിയില്‍ മാറ്റം കൊണ്ടുവരാം എന്നാണ് ചിന്തിച്ചിട്ടുളളത്. അതാണ് എന്റെ ഫിലോസഫി ഫോര്‍ വര്‍ക്ക്-  ബെഹ്റ പറഞ്ഞു.

വിരമിക്കുന്നതില്‍ ദുഃഖമില്ലെന്ന് പറഞ്ഞാണ് പ്രസംഗം ആരംഭിച്ചതെങ്കിലും കേരളത്തെ കുറിച്ച് പറഞ്ഞതോടെ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇടറി. ഞാന്‍ ഹൃദയം കൊണ്ട് ഒരു മലയാളിയായി,  ഇടിയപ്പം കഴിക്കും. പുട്ട്, ദോശ കഴിക്കും ഞാന്‍ മലയാളം സംസാരിക്കും, മുണ്ട് ധരിച്ച് അമ്പലത്തില്‍ പോകും... ഇതെല്ലാം ചെയ്തത് ആരേയും കാണിക്കാന്‍ വേണ്ടിയിട്ടല്ല.എന്റെ ഹൃദയത്തിലേക്ക് കയറിയിട്ടുളള കാര്യങ്ങളാണ്. കേരളത്തിലെ ജനങ്ങളോടും ഉദ്യോഗസ്ഥരോടും എല്ലാം എനിക്ക് വളരെയധികം നന്ദിയുണ്ട്- ബെഹ്റ പറഞ്ഞു.

 

 

Latest News