Sorry, you need to enable JavaScript to visit this website.

ഭാര്യയെ കൊന്ന് പെട്ടിയിലാക്കി കത്തിച്ചു; യുവാവ് അറസ്റ്റില്‍

തിരുപ്പതി- പ്രമുഖ ഐടി കമ്പനി ജീവനക്കാരിയായ യുവതിയെ തൊഴില്‍രഹിതനായ ഭര്‍ത്താവ് കൊലപ്പെടുത്തി പെട്ടിയിലാക്കി കത്തിച്ചു. 27കാരിയായ ഭുവനേശ്വരിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ശ്രീകാന്ത് റെഡ്ഡിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ച മുമ്പാണ് കൊലപാതകം നടന്നത്. ഭാര്യ കോവിഡ് ബാധിച്ചു മരിച്ചുവെന്നാണ് യുവാവ് ബന്ധുക്കളോട് പറഞ്ഞിരുന്നത്. ഇതു പ്രകാരം ബന്ധുക്കള്‍ മൃതദേഹത്തിനാണ് പല ആശുപത്രികളിലും തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെയാണ് തിരുപ്പതിയെ റുയ് ആശുപത്രിക്കു സമീപം കത്തിക്കരിഞ്ഞ നിലയില്‍ പെട്ടിയും മൃതദേഹ അവശിഷ്ടങ്ങളും കണ്ടെത്തിയത്. ഇതിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തായത്. 

90 ശതമാനത്തോളം കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഭുവനേശ്വരിയുടെ മൃതദേഹം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അന്വേഷണം ഭുവനേശ്വരിയുടെ ഭര്‍ത്താവിലേക്കെത്തിയത്. തിരുപ്പതിയിലില്‍ ഇവര്‍ താമസിച്ചിരുന്ന വീട്ടിലേക്ക് സ്യൂട്ട് കെയ്‌സുമായി ശ്രീകാന്ത് കയറിപ്പോകുന്നതും ശേഷം ഭാരമുള്ള സ്യൂട്ട് കേസ് വലിച്ച് പുറത്തു വരുന്ന ദൃശ്യങ്ങളും ലഭിച്ചു. സൂചനകളുടെ അടിസ്ഥാനത്തില്‍ ശ്രീകാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് കൊലപാതകം സ്ഥിരീകരിക്കുകയായിരുന്നു.

രണ്ടര വര്‍ഷം മുമ്പാണ് ഭുവനേശ്വരിയും ശ്രീകാന്തും വിവാഹിതരായത്. ഇവര്‍ക്ക് 18 മാസം പ്രായമായ കുഞ്ഞുമുണ്ട്. മാസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ ഹൈദരാബാദില്‍ നിന്നും തിരുപ്പതിയിലേക്ക് താമസം മാറിയത്. കോവിഡ് സാഹചര്യമായതിനാല്‍ ഭുവനേശ്വരിക്ക് വീട്ടിലിരുന്നായിരുന്നു ജോലി. എഞ്ചിനീയറായ ഭര്‍ത്താവ് ശ്രീകാന്തിന് മാസങ്ങളായി ജോലി ഉണ്ടായിരുന്നില്ല. ശ്രീകാന്ത് ഭാര്യയുമായി വീട്ടില്‍ വഴക്കിട്ടിരുന്നതായും കണ്ടെത്തി.

Latest News