കോട്ടയം- പ്ലാന്റേഷൻ കോർപറേഷൻ എം.ഡിക്കെതിരെ ലൈംഗിക പീഡന പരാതി. സംഭവത്തിൽ പോലീസ് കേസെടുത്തു. എം.ഡി ബി. പ്രമോദിന് എതിരെ കോർപറേഷനിലെ കംപ്യൂട്ടർ വിഭാഗത്തിലെ ജീവനക്കാരിയാണ് ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രഥമവിവര റിപ്പോർട്ട് തയാറാക്കിയാണു കേസ് എടുത്തത്. അതേ സമയം ഇതു വ്യാജ പരാതിയാണെന്ന് എം.ഡി അറിയിച്ചു. പോലീസ് ഇതെക്കുറിച്ച് അന്വേഷണം തുടങ്ങി.
2020 മുതൽ വിവിധ സമയങ്ങളിലായി എം.ഡി മോശമായി സംസാരിച്ചുവെന്നു പരാതിയിൽ പറയുന്നു. ഇത്തരം സന്ദർഭങ്ങൾ പരാതിയിൽ വിവരിക്കുന്നു. എം.ഡിയുടെ മുറിയിൽ താൽപര്യത്തോടെ ശരീരത്ത് സ്പർശിച്ചതായി പരാതിയിൽ പറയുന്നു. പലതവണ ലൈംഗിക ചുവയോടെ സംസാരിച്ചു. തന്റെ ഇംഗിതത്തിന് വഴങ്ങണം എന്നും ഇല്ലെങ്കിൽ സ്ഥാപനത്തിൽനിന്ന് പുറത്താക്കുമെന്നും സ്ഥാപന മേധാവി കൂടിയായ എം.ഡി ഭീഷണിപ്പെടുത്തിയതായി പരാതിയിൽ ആരോപിക്കുന്നു. 2020 ജൂൺ മുതൽ 2021 ഏപ്രിൽ വരെ ഉള്ള സംഭവങ്ങൾ ആണ് പരാതിയിൽ വിശദമായി പറയുന്നത്. മാനഹാനി ഉണ്ടാകും എന്നു കരുതിയാണ് ഇതുവരെ പരാതി നൽകാതിരുന്നത് എന്നും യുവതി പറയുന്നു.
പല സമയങ്ങളിലും ശരീരത്തിൽ സ്പർശിച്ചത് കൂടാതെ അനാവശ്യമായി എം.ഡിയുടെ മുറിയിൽ തടഞ്ഞുവെച്ചതായി പറയുന്നു. കംപ്യൂട്ടർ വിഭാഗത്തിൽ ജോലി ചെയ്യുന്നതിനാൽ എം.ഡിയുടെ മുറിയിൽ ഓൺലൈൻ മീറ്റിംഗിന്റെ പേരിൽ ആവശ്യമില്ലാതെയും വിളിച്ചുവരുത്തി. തൃശൂരിൽ മീറ്റിംഗിനു പോകുന്ന വഴി കാറിൽ വെച്ച് മറ്റൊരു ഉന്നത ഉദ്യോഗസ്ഥനുമായി ചേർന്ന് ദ്വയാർത്ഥ പ്രയോഗം നടത്തിയതായും പരാതിയിൽ പറയുന്നു. കോവിഡ് സമയത്ത് ഭർത്താവിന് ജോലിക്ക് പോകേണ്ടതിനാൽ കുട്ടികളുമായി ഓഫീസിലെത്തിയപ്പോൾ സെക്യൂരിറ്റി ഓഫീസറെ അറിയിച്ചു കുട്ടികളെ പുറത്ത് നിർത്തിയതായും പരാതിക്കാരി ആരോപിക്കുന്നു. ഇതെല്ലാം എം.ഡിയുടെ താൽപര്യത്തിന് വഴങ്ങാത്തത് കൊണ്ടാണ് എന്നാണ് പരാതി.
ഓഫീസിലെ സെർവർ തകരാറ് പരിഹരിച്ചതിനുശേഷവും സ്ഥാപനത്തിന്റെ പ്രവർത്തനത്തെ ബാധിച്ചതായി ചൂണ്ടിക്കാട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകി. കുട്ടികളെ മറ്റുള്ളവർ ഓഫീസിൽ കൊണ്ടുവന്നപ്പോൾ തന്റെ കാര്യത്തിൽ മാത്രം ഇത് തടഞ്ഞു. ഇതു ഒഴിവാക്കാൻ അഭ്യർഥനയുമായി എത്തിയപ്പോഴും തന്റെ ആഗ്രഹത്തിന് വഴങ്ങണമെന്ന നിലപാടാണ് എം.ഡി സ്വീകരിച്ചത്. അവഹേളനം തുടർന്നതോടെ സ്ഥാപനത്തിലെ ആഭ്യന്തര അച്ചടക്ക സമിതിക്ക് പരാതി നൽകി. പരാതി എം.ഡിക്കെതിരെ ആയതുകൊണ്ട് കലക്ടറേറ്റ് സെല്ലിലേക്ക് കൈമാറി. തുടർന്ന് ഓഫീസിൽ ജോലിക്ക് എത്തിയപ്പോൾ മെയ് മൂന്നിന് വിലക്ക് ഏർപ്പെടുത്തി ജോലിയിൽ പ്രവേശിക്കുന്നത് തടഞ്ഞതായി പരാതിയിൽ പറയുന്നു. വനിതാ വിഭാഗങ്ങളിൽ നിന്ന് തനിക്കെതിരെ റിപ്പോർട്ടുകൾ എം.ഡി ബോധപൂർവം എഴുതി വാങ്ങിയതായി പരാതിയിൽ പറയുന്നു. ക്രൂരമായ മാനസിക പീഡനമാണ് കഴിഞ്ഞ കുറേ മാസങ്ങളായി നടന്നത്.