Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റെന്റ് എ കാർ സൗദിവത്കരണം മാർച്ച് 18 മുതൽ

റിയാദ് -റെന്റ് എ കാർ ഷോപ്പുകളിൽ 100 ശതമാനം സ്വദേശിവത്കരണം മാർച്ച് 18 (റജബ് ഒന്ന്) മുതൽ പ്രാബല്യത്തിലാകും. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ വ്യക്തമാക്കിയതാണ് ഇക്കാര്യം. 
തൊഴിൽ വിപണിയിൽ സൗദി പ്രാതിനിധ്യം ഉയർത്തുന്നതിന് നിയമം സഹായകമാകും. സ്വദേശിവത്കരണത്തെ ശക്തിപ്പെടുത്തുന്നതിനും വിപണിക്ക് കരുത്തേകുന്നതിനും നടപടി സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 
സ്വദേശികൾക്ക് അനുയോജ്യമായ തൊഴിൽ മേഖലയാണിതെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് നിയമം നടപ്പാക്കുന്നത്. ഇതിന് മുന്നോടിയായി റെന്റ് എ കാർ ഷോപ്പുകളിൽ ജോലി ചെയ്യാൻ താൽപര്യമുള്ള സ്വദേശികൾക്ക് ആവശ്യമായ പരിശീലനം മന്ത്രാലയം നൽകിവരുന്നുണ്ട്. ദുറൂബ് എന്ന പേരിൽ മന്ത്രാലയം ആവിഷ്‌കരിച്ച ഇ--പ്ലാറ്റ് ഫോം വഴിയും ഉദ്യോഗാർഥികളെ പരിശീലിപ്പിക്കുന്നുണ്ട്. ഈ രംഗത്ത് നിക്ഷേപം ഇറക്കി സ്വന്തം നിലക്ക് സ്ഥാപനം നടത്താൻ താൽപര്യമുള്ള യുവതീയുവാക്കൾക്ക് ആവശ്യമെങ്കിൽ സാങ്കേതികവും സാമ്പത്തികവുമായ സഹായവും തൊഴിൽ മന്ത്രാലയം ലഭ്യമാക്കും. തദ്ദേശീയരായ തൊഴിലാളികളെ കണ്ടെത്താൻ സ്ഥാപന ഉടമകളെയും തൊഴിൽദാതാക്കളെ തേടിപ്പിടിക്കാൻ ഉദ്യോഗാർഥികളെയും സഹായിക്കുന്നതിന് മന്ത്രാലയ വെബ്‌സൈറ്റ് പ്രയോജനപ്പെടുത്തും. 
വിവിധ ഗവൺമെന്റ് പ്രതിനിധികളെ ഉൾപ്പെടുത്തി രൂപീകരിച്ച കമ്മിറ്റികൾ വഴി നിയമം നടപ്പാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് മന്ത്രാലയ വക്താവ് വിശദീകരിച്ചു. 
സ്വദേശികൾക്ക് സംവരണം ഏർപ്പെടുത്തിയ തൊഴിലുകളിൽ വിദേശിയെ നിയമിക്കുന്നപക്ഷം കനത്ത പിഴ ഈടാക്കുന്നത് അടക്കമുള്ള ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും ഖാലിദ് അബൽഖൈൽ മുന്നറിയിപ്പ് നൽകി. സമ്പൂർണ സ്വദേശിവത്കരണത്തിന് ശേഷം റെന്റ് എ കാർ ഔട്ട്‌ലെറ്റുകളിൽ വിദേശികൾ ജോലി ചെയ്യുന്നത് കണ്ടെത്തിയാൽ സാധാരണ പോലെ, മന്ത്രാലയത്തിന്റെ ടോൾഫ്രീ നമ്പറായ 19911 വഴിയോ സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ 'മഅൻ ലിർറസ്ദ്' മുഖേനയോ വിവരം അറിയിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു. 
സ്വദേശിവത്കരണത്തിന്റെ തോത് ഉയർത്തുന്നതിന് സ്വകാര്യമേഖലാ സ്ഥാപനങ്ങളെ സഹായിക്കുന്ന പദ്ധതി, വിദൂരതൊഴിൽ സംവിധാനം, സംരംഭകത്വ പദ്ധതി, പ്രവിശ്യാ സ്വദേശിവത്കരണ നിയമം, പാർടൈം ജോബ് പ്രോഗ്രാം തുടങ്ങി നിരവധി പരിപാടികൾ മന്ത്രാലയം നടപ്പാക്കിയെന്നും അദ്ദേഹം അറിയിച്ചു. 
മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികൾ ജോലി ചെയ്യുന്ന ഈ മേഖലയിലും 100 ശതമാനം സ്വദേശികളെ നിയമിക്കണമെന്ന നിബന്ധന പ്രവാസികൾക്ക് ഇരുട്ടടിയാകുമെന്നത് തീർച്ചയാണ്. 

Latest News