മധ്യപ്രദേശില്‍ ബി.ജെ.പി സ്ഥാനാർഥിക്ക് ചെരിപ്പ് മാല

ധമോണ്ട്- മധ്യപ്രദേശില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കാന്‍ പോയ ബി.ജെ.പി സ്ഥാനാർഥിക്ക് ചെരിപ്പ് മാല കൊണ്ട് സ്വീകരണം. തലസ്ഥാനമായ ഭോപ്പാലില്‍നിന്ന് 272 കി.മീ അകലെ ധർ ജില്ലയിലെ ധമോണ്ട് പട്ടണത്തിലാണ് സംഭവം. ബി.ജെ.പി സ്ഥാനാർഥി ദിനേശ് ശർമ വോട്ട് തേടി വീടുകള്‍ കയറി ഇറങ്ങുകയായിരുന്നു.

താന്‍ അവരുടെ മകനെ പോലെയാണെന്നും അവരുടെ പ്രശ്നങ്ങള്‍ ഒരുമിച്ചിരുന്ന് ചർച്ച ചെയ്ത് പരിഹാരം കാണുമെന്നും സംഭവത്തിനുശേഷം സ്ഥാനാർഥി പറഞ്ഞു. ചെരിപ്പു മാലയുമായി എത്തിയ ആളില്‍ നിന്ന് രക്ഷപ്പെടാന്‍ ശർമ ആദ്യം ശ്രമിച്ചെങ്കിലും പിന്നീട് കഴുത്തില്‍ അണിയിക്കാന്‍ അനുവദിക്കുകയായിരുന്നു.

പ്രദേശത്തെ രൂക്ഷമായ കുടിവെള്ള പ്രശ്നത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുകയായിരുന്നു ചെരിപ്പ് മാല ധരിപ്പിച്ചയാളുടെ ലക്ഷ്യം.

ഇവിടെ കുടിവെള്ള പ്രശ്നം രൂക്ഷമാണ്. ഞങ്ങളുടെ സ്ത്രീകള്‍ പലതവണ നഗരസഭാ ചെയർപെഴ്സനെ കണ്ട് പരാതി പറഞ്ഞു. എന്നാല്‍ പരാതി പറഞ്ഞവർക്കെതിരെ കേസെടുത്തതല്ലാതെ പരിഹാരമുണ്ടായില്ല. ഇങ്ങനെ കേസില്‍ കുടുങ്ങിയവരെ രാവും പകലും പല തവണ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. അതു കൊണ്ടാണ് താനിത് ചെയ്തെന്ന് അദ്ദേഹം വ്യക്തമാക്കി.

മധ്യപ്രദേശില്‍ ഒഴിവുള്ള മുനിസിപ്പല്‍, പഞ്ചായത്ത് വാർഡുകളിലേക്ക് കഴിഞ്ഞ മാസമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

Latest News