തിരുവനന്തപുരം- സ്വർണക്കടത്ത് കേസിൽ തെറ്റ് ചെയ്തവരെ സർക്കാറും പാർട്ടിയും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ക്രിമിനൽ പ്രവർത്തനത്തെയും സർക്കാർ തുണയ്ക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നവരെല്ലാം പാർട്ടി വക്താകളല്ല. ക്രിമിനൽ കുറ്റങ്ങളിൽ ഉൾപ്പെട്ടവരുടെ ഫെയ്‌സ്ബുക് പോസ്റ്റിന്റെ ഉത്തരവാദിത്തം പാർട്ടിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാർട്ടിയുടെ പതിവ് ധാരണയ്ക്ക് വിരുദ്ധമായി സോഷ്യൽ മീഡയയിൽ പെരുമാറിയവരെ പാർട്ടി തിരുത്തുകയും തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട്. ഒരു തെറ്റിന്റെയും കൂടെ നിൽക്കില്ല. പാർട്ടിക്കുവേണ്ടി ത്യാഗമനുഭവിച്ചവർക്കെതിരെ പോലും പാർട്ടി നടപടിയെടുത്തിട്ടുണ്ട്. പാർട്ടിയിൽ നിന്നുകൊണ്ട് ആരെങ്കിലും തെറ്റ് ചെയ്താൽ ആ തെറ്റിനും തെറ്റുകാരനും സി.പി.എം പിന്തുണ കൊടുക്കില്ല. സമൂഹത്തെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന പാർട്ടി അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ തുണയ്ക്കില്ല. ചിലരെ പാർട്ടിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. ഇത്തരത്തിൽ എത്രയോ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. പാർട്ടിക്ക് അകത്ത് നിന്ന് തെറ്റ് ചെയ്തവരെ പോലും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.