Sorry, you need to enable JavaScript to visit this website.

സ്ത്രീകൾക്ക് ഒന്നിലധികം ഭർത്താക്കൻമാരാകാം; നിയമ നിർമ്മാണത്തിനൊരുങ്ങി ദക്ഷിണാഫ്രിക്ക

കേപ്ടൗൺ- സ്ത്രീകൾക്ക് ഒന്നിലേറെ ഭർത്താക്കൻമാരെ അനുവദിക്കുന്ന ബഹുഭർതൃത്വം നിയമവിധേയമാക്കാനൊരുങ്ങി ദക്ഷിണാഫ്രിക്കൻ സർക്കാർ. സ്ത്രീകൾക്ക് ഒന്നിലേറെ ഭർത്താക്കൻമാരെ അനുവദിക്കാനുള്ള നിയമം നിർമ്മിക്കാനാണ് തീരുമാനം. സ്വവർഗ വിവാഹവും ബഹുഭാര്യത്വവും അനുവദിക്കുന്ന രാജ്യമാണ് ദക്ഷിണാഫ്രിക്ക. ഈ വിഷയത്തിൽ തുല്യ നീതി വേണമെന്ന ആവശ്യപ്രകാരമാണ് സർക്കാർ പുതിയ നിയമ നിർമാണത്തിന് തയ്യാറാകുന്നത്.

ഒരു സ്ത്രീക്ക് ഒന്നിലധികം ഭർത്താക്കൻമാർ ആകാമെന്ന നിർദേശം വെക്കുന്ന റിപ്പോർട്ടിന്റെ കരട് രേഖ ആഭ്യന്തര വകുപ്പ് പ്രസിദ്ധീകരിച്ചു. പ്രായപൂർത്തിയാകാത്തവരുടെ വിവാഹം അനുവദിക്കുന്ന നിലവിലെ നിയമം തിരുത്താനും കരട് രേഖ നിർദേശിക്കുന്നുണ്ട്.
സർക്കാർ നീക്കത്തിനെതിരെ കടുത്ത വിമർശനവും ഉയരുന്നുണ്ട്. സ്ത്രീകൾക്ക് ഒന്നിലധികം ഭർത്താക്കൻമാർ എന്നത് അസ്വീകാര്യമാണെന്നും തുല്യ വിവാഹ അവകാശങ്ങൾ സ്ത്രീകൾക്കും നൽകുകയാണെങ്കിൽ അത് സമൂഹത്തെ തകർക്കുമെന്നും പ്രധാന പ്രതിപക്ഷ കക്ഷിയായ ആഫ്രിക്കൻ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് പാർട്ടി(എ.സി.ഡി.പി.) നേതാവ് കെന്നെത്ത് മെഷോ പറഞ്ഞു. എന്നാൽ, വിഷയത്തെക്കുറിച്ച് കൂടുതൽ ചർച്ച നടത്തുകയാണ് വേണ്ടതെന്നും പുതിയ നിയമ പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട ചർച്ചകൾ വാക്കുയുദ്ധമായി മാറിയിരിക്കുന്നത് ഖേദകരമാണെമന്നും ദക്ഷിണാഫ്രിക്കൻ ആഭ്യന്തര മന്ത്രി ആരോൺ മോത്സോലെഡി പറഞ്ഞു.
 

Latest News