കൊച്ചി- ട്രാന്‍സ്‌ജെന്‍ഡര്‍ ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘത്തിലെ രണ്ടു പേരെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കാരക്കാമുറി വളന്തറ വീട്ടില്‍ താമസിക്കുന്ന കൊല്ലം സ്വദേശി വി എസ് രാജേഷ് (34), ദല്‍ഹി ജില്‍മില്‍ കോളനിയില്‍ മൊയ്‌നുദ്ദീന്‍ മകന്‍ നൂറുല്ല(37) എന്നിവരെയാണ് സെന്‍ട്രല്‍ സി ഐ എ അനന്തലാലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
എറണാകുളം പുല്ലേപ്പടിയിലെ ഐശ്വര്യ റീജന്‍സി ലോഡ്ജ് കേന്ദ്രീകരിച്ച് ദല്‍ഹി സ്വദേശിനിയുടെ നേതൃത്വത്തില്‍ നടത്തിവന്ന പെണ്‍വാണിഭത്തില്‍ ആവശ്യക്കാരുമായി ഓണ്‍ലൈന്‍ വഴി ഇടപാട് ഉറപ്പിച്ചിരുന്നത് നൂറുല്ലയായിരുന്നു. ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി സംഘത്തിന്റെ ഫോണ്‍ നമ്പറുകള്‍ പരസ്യപ്പെടുത്തി അതിലൂടെ ബന്ധപ്പെടുന്നവരുമായി ചാറ്റിംഗിലൂടെയാണ് ഇയാള്‍ ഇടപാട് ഉറപ്പിച്ചിരുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതിനായി ഉപയോഗിച്ചിരുന്ന ഫോണുകളും മറ്റ് ഉപകരണങ്ങളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ലോഡ്ജ് ഉടമയുമായി ചേര്‍ന്ന് ലോഡ്ജില്‍ എത്തുന്ന ഇടുപാടുകാര്‍ക്ക് വേണ്ട സഹായങ്ങളും പെണ്‍വാണിഭ സംഘത്തിന് സംരക്ഷണവും നല്‍കിയിരുന്നയാളാണ് അറസ്റ്റിലായ ടാക്‌സി ഡ്രൈവര്‍ രാജേഷ്.