മുംബൈ- ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ എടുക്കാന്‍ പോയ തനിക്ക് ഒറ്റ ദിവസം തന്നെ മൂന്ന് ഡോസ് നല്‍കിയെന്ന പരാതിയുമായി യുവതി രംഗത്ത്. താനെയില്‍ നടന്ന ഒരു വാക്‌സിനേഷന്‍ ക്യാമ്പില്‍ വെള്ളിയാഴ്ചയാണ് സംഭവം. യുവതി പരാതിപ്പെട്ടതിനെ തുടര്‍ന്ന് താനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ അന്വേഷിച്ചു വരികയാണ്. 28കാരിയായ യുവതി ആദ്യ ഡോസ് സ്വീകരിക്കാന്‍ നിര്‍ദേശിച്ച സ്ഥലത്ത് ഇരുന്നു. കുത്തിവെപ്പിനു ശേഷം ആരും തന്നോട് മാറാന്‍ ആവശ്യപ്പെട്ടില്ലെന്നും പിറകെ രണ്ടു ഡോസുകള്‍ കൂടി കുത്തിവച്ചെന്നുമാണ് യുവതിയുടെ ആരോപണം. ഇത് താനെ കോര്‍പറേഷന്‍ അധികൃതര്‍ നിഷേധിച്ചു. യുവതിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും അവര്‍ അറിയിച്ചു. ഏത് വാക്‌സിനാണ് യുവതി സ്വീകരിച്ചതെന്ന് വ്യക്തമല്ല.
കുത്തിവെപ്പെടുത്ത ദിവസം യുവതിക്ക് നേരിയ പനിയുണ്ടായിരുന്നതായി ഭര്‍ത്താവ് പറഞ്ഞു. കുടുംബ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മരുന്ന് കഴിക്കുകയും ചെയ്തു. കോര്‍പറേഷന്‍ അംഗമായ കവിത സുരേഷ് പാട്ടീലിനെ വിവരം അറിയിച്ചപ്പോള്‍ മെഡിക്കല്‍ സംഘമെത്തി യുവതിയെ പരിശോധിക്കുകയും ചെയ്തു. യുവതി പൂര്‍ണ ആരോഗ്യവതിയാണെന്ന് ഹെല്‍ത്ത് ഓഫീസര്‍ ഡോ. കുശ്ഭു തവ്രി പറഞ്ഞു. ഇത് ഓവര്‍ ഡോസ് മാത്രമാണെന്നും പേടിക്കാനൊന്നുമില്ലെന്നുമാണ് ഡോക്ടര്‍ പറഞ്ഞതെന്ന് ഭര്‍ത്താവ് പറഞ്ഞു. അധികൃതര്‍ സഹായിക്കുകയും ഭാര്യയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തതിനാലും ആരേയും കുറ്റപ്പെടുത്തുന്നില്ലെന്നും ഭര്‍ത്താവ് പറഞ്ഞു.