ആലപ്പുഴ- ആലപ്പുഴയിൽ രണ്ടാം ഡോസ് വാക്‌സിനേഷനായി എത്തിയ 65കാരന് രണ്ടു തവണ കുത്തിവെയ്പ്പ് നടത്തിയതായി പരാതി. കരുവാറ്റ ഇടയിലിൽ പറമ്പിൽ ഭാസ്‌കരനാണ് രണ്ടു തവണ കുത്തിവെപ്പ് നടത്തിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കരുവാറ്റ പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് സംഭവം. രണ്ടാമത്തെ ഡോസ് എടുക്കാനാണ് ഭാസ്‌കരൻ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തിയത്.
വാക്‌സിൻ രണ്ടു തവണ കുത്തിവെച്ചതിനെ തുടർന്ന് വൈകീട്ടോടെയാണ് ഭാസ്‌കരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
വാക്‌സിന്റെ രണ്ടാം കൗണ്ടറിൽ വെച്ചാണ് വീണ്ടും വാക്‌സിൻ നൽകിയത്. മറ്റു ആരോഗ്യപ്രശ്‌നങ്ങൾ വല്ലതുമുണ്ടോ എന്ന ആദ്യ കൗണ്ടറിലെ ചോദ്യത്തിന് പ്രഷറിന് മരുന്ന് കഴിക്കുന്നതായി ഭാസ്‌കരൻ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു.
പ്രഷറിന് ആദ്യം മരുന്ന് നൽകിയതാണെന്ന് കരുതി വീണ്ടും കുത്തിവെയ്പ്പിന് വിളിച്ചപ്പോൾ പോകുകയായിരുന്നു. കുത്തിവെയ്പ്പ് എടുത്തോ എന്ന ചോദ്യത്തിന് ഭാസ്‌കരൻ കൃത്യമായി മറുപടി നൽകിയില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.