കാസർക്കോട്- ഇല്ലാത്ത നീക്കത്തിന്റെ പേരിൽ കേരള മുഖ്യമന്ത്രിക്ക് കർണാടക മുഖ്യമന്ത്രിയുടെ കത്ത്. കാസർകോട്ടെ അതിർത്തി ഗ്രാമങ്ങളുടെ കന്നഡ പേരുകൾ മാറ്റുന്നത് നിർത്തിവെക്കണം എന്നാവശ്യപ്പെട്ടാണ് കർണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. കാസർകോട്ടേയും മഞ്ചേശ്വരത്തേയും ഗ്രാമങ്ങളുടെ പേരുകൾ മാറ്റുന്നെന്നാരോപിച്ച് കർണാടകത്തിൽ പ്രതിഷേധം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കത്തുകൾ. മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും പേര് മാറ്റൽ പ്രക്രിയ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
അതേ സമയം സംസ്ഥാന സർക്കാർ പേര് മാറ്റം നിഷേധിച്ചു. കേരളത്തിന് അത്തരമൊരു പദ്ധതിയില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ പ്രതികരിച്ചു. കാസർകോട് ജില്ലാ കലക്ടർ സജിത് ബാബുവും സംഭവം നിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട ഒരു ഫയലും തന്റെ മുന്നിൽ എത്തിയിട്ടില്ലെന്നും ഇത്തരമൊരു നീക്കം നടക്കുന്നതായി അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കാസർകോട്ടേയും മഞ്ചേശ്വരത്തേയും ഗ്രാമങ്ങളുടെ പേരുകൾ മാറ്റുന്നെന്നാരോപിച്ച് കർണാടകത്തിൽ പ്രതിഷേധം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കത്തുകൾ. കന്നഡ, തുളു ഭാഷകളിൽ പേരുകളുള്ള ഗ്രാമങ്ങളുടെ സ്ഥലനാമമാണ് മാറ്റുന്നതെന്ന് യെഡിയൂരപ്പ കത്തിൽ ആരോപിച്ചു. 'ഇതിൽ പല ഗ്രാമങ്ങളുടെ പേരുകൾക്കും നൂറ്റാണ്ടുകൾ നീണ്ട ചരിത്രമുണ്ട്. ഈ പേരുകൾ മാറ്റാൻ കേരള സർക്കാരിന് പ്രത്യേക താത്പര്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഇതിന് പിന്നിൽ ഈ ഗ്രാമങ്ങൾ ഉൾപ്പെട്ട തദ്ദേശസ്ഥാപനങ്ങളുടെ ഏകപക്ഷീയമായ തീരുമാനമായിരിക്കാമെന്ന് ഞാൻ കരുതുന്നു' യെഡിയൂരപ്പ കത്തിൽ കുറിച്ചു. ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇത്തരം പ്രചരണം എന്നാണ് കേരളത്തിന്റെ വിശദീകരണം.






