കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം നല്‍കണമെന്ന് കോണ്‍ഗ്രസ്, പണത്തിന് പെട്രോള്‍ നികുതി മതി

ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇതു നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍ക്കാരിന് ഭരിക്കാന്‍ അവകാശമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
പെട്രോളിനും ഡീസലിനും കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്ന നികുതിയില്‍നിന്ന് ഈ തുക കണ്ടെത്താമെന്നും അദ്ദേഹം പറഞ്ഞു.

പെട്രോള്‍, ഡീസല്‍ നികുതിയില്‍നിന്ന് ചെറിയൊരു ഭാഗം കോവിഡ് ബാധിച്ച കുടുംബങ്ങള്‍ക്ക് നല്‍കണം. ദുരന്ത സമയത്ത് പൊതുജനങ്ങള്‍ക്ക് സഹായം നല്‍കാനുള്ള അവസരം നരേന്ദ്ര മോഡി സര്‍ക്കാര്‍ പ്രയോജനപ്പെടുത്തണം. അതില്‍നിന്ന് പിറകോട്ട് പോകരുത്- ഹിന്ദിയില്‍ നല്‍കിയ ട്വീറ്റില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
കോവിഡിനിരയായവരുടെ ആശ്രിതര്‍ക്ക് നല്‍കാന്‍ സര്‍ക്കാരിന് 40,000 കേടി രൂപ വേണ്ടിവരും. കഴിഞ്ഞ വര്‍ഷം മാത്രം പെട്രോളിനും ഡീസലിനുമുള്ള എക്‌സൈസ് ഡ്യൂട്ടി ഇനത്തില്‍ സര്‍ക്കാരിന് നാല് ലക്ഷം കോടി രൂപ ലഭിച്ചിട്ടുണ്ട്. ഇതിന്റെ പത്ത് ശതമാനം മാത്രമേ നഷ്ടപരിഹാരം നല്‍കാന്‍ വേണ്ടിവരികയുള്ളൂവെന്ന്് കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പറഞ്ഞു.

 

 

Latest News