മുക്കം- ഗള്‍ഫില്‍ രണ്ടരലക്ഷം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം നല്കി 25 പേരില്‍ നിന്നായി ഒന്നരക്കോടി രൂപ തട്ടിയെടുത്ത ആലപ്പുഴ സ്വദേശിയെ പോലീസ് പിടികൂടി. മുക്കം നഗരസഭയിലെ മണാശേരി സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപം വീടെടുത്ത് ഒളിവില്‍ കഴിയുകയായിരുന്ന ആലപ്പുഴ സ്വദേശി റോണി തോമസി (40) നെയാണ് കോട്ടയം ഗാന്ധിനഗര്‍ പോലിസ് പിടികൂടിയത്. ഗാന്ധിനഗര്‍ സ്വദേശി റോയിയുടെ പരാതിയിലാണ് ഇയാളെ പിടികൂടിയത്. മകന്റെ ഭാര്യക്ക് കുവൈത്തില്‍ ജോലി വാഗ്ദാനം നല്കി മൂന്നു തവണയായി 23 ലക്ഷം രൂപയാണ് റോയിയില്‍നിന്ന് ഇയാള്‍ തട്ടിയെടുത്തത്. കഴിഞ്ഞ ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. സമാനമായ രീതിയില്‍ റാന്നിയിലും ഇയാള്‍ തട്ടിപ്പ് തടത്തിയതായി പരാതിയുണ്ടെന്ന് പോലിസ് പറഞ്ഞു. അഞ്ച് മാസമായി കൊല്ലം സ്വദേശിയായ യുവതിയോടൊത്ത് വെസ്റ്റ് മാമ്പറ്റയിലെ വാടക വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. താന്‍ പ്രവാസിയായിരുന്നെന്നും കൂടെയുള്ള സ്ത്രീ ഭാര്യയാണെന്നുമാണ് ഇയാള്‍ അയല്‍വാസികളെ ധരിപ്പിച്ചിരുന്നത്. കൂടെയുണ്ടായിരുന്ന സ്ത്രീ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു. അഞ്ച് മാസത്തോളം വാടകയ്ക്ക് താമസിച്ചിരുന്ന പ്രതി അയല്‍വാസികളുമായി അടുപ്പം പുലര്‍ത്തിയിരുന്നില്ല. ചങ്ങനാശ്ശേരിയിലും മറ്റും ഒളിവില്‍ കഴിഞ്ഞ ശേഷമാണ് പ്രതി മുക്കത്തെത്തിയത്. ആറു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പോലിസ് പ്രതിയെ പിടികൂടിയത്.
ആര്‍ക്കിടെക്റ്റാണെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെ കൂടെ താമസിപ്പിച്ചതെന്നും തട്ടിപ്പുമായി യുവതിക്ക് ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും പോലിസ് പറഞ്ഞു. യുവതിക്ക് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതിനാല്‍ മുക്കം നഗരസഭ ചെയര്മാന് പി.ടി ബാബു ഇടപെട്ട് ഇവരെ എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.






