Sorry, you need to enable JavaScript to visit this website.

യൂട്യൂബർ സുജിത് ഭക്തൻ വിവാദത്തിൽ; പ്രവേശന വിലക്കുള്ള ഇടമലക്കുടിയിൽ എം.പിക്കൊപ്പം സന്ദർശനം നടത്തി 

ഇടുക്കി- പ്രമുഖ യുട്യൂബർ സുജിത് ഭക്തൻ വീണ്ടും വിവാദത്തിൽ. ഒന്നര മാസത്തേയ്ക്ക് പ്രവേശന വിലക്ക് നിലനിൽക്കുന്ന ഇടമലക്കുടിയിൽ ഡീൻ കുര്യാക്കോസ് എം.പി ക്കൊപ്പം സന്ദർശനം നടത്തിയതാണ് പുതിയ വിവാദത്തിന് കാരണം. സംസ്ഥാനത്ത് ഇതുവരെ കോവിഡ് രോഗം റിപ്പോർട്ട് ചെയ്യാത്ത ഏക പഞ്ചായത്താണ് ഇടമലക്കുടി. കർശന നിയന്ത്രണങ്ങളും കരുതലുമായി അധികൃതരും ഊരിലെ ജനങ്ങളും കൂട്ടായി നടത്തുന്ന ശ്രമം മൂലമാണ് ഊരിൽ നിന്നും മഹാമാരിയെ അകറ്റിനിർത്താൻ കഴിഞ്ഞത്. പ്രതിരോധത്തെ തകർക്കുന്നതാണ് കഴിഞ്ഞ ദിവസം സംഘം നടത്തിയ സന്ദർശനമെന്നാണ് പൊതുവെ ഉയരുന്ന വിമർശനം. അനുമതി കൂടാതെ വനമേഖലയിൽ കടന്നത് നേരത്തെ വിവാദമായിരുന്നു. 
യാത്രയുടെ വിശദാംശങ്ങൾ സംബന്ധിച്ച് സുജിത് ഭക്തൻ തന്റെ ഫെയ്‌സ്ബുക് പേജിൽ എം.പിയ്‌ക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സഹിതം കുറിപ്പ് പോസ്റ്റ് ചെയ്തതോടെയാണ് സന്ദർശന വിവരം പുറത്തറിയുന്നത്. അതേസമയം, ഊരിലെ വിദ്യാലയങ്ങളിലുൾപ്പെടെ സന്ദർശനം നടത്തുകയും പഠനോപകരണങ്ങൾ നൽകാനുമാണ് പോയതെന്ന് സുജിത് ഭക്തൻ വ്യക്തമാക്കി. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സന്ദർശനം നടത്തിയ വ്‌ളോഗർക്കും എം.പിക്കുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ. കെ ജയചന്ദ്രൻ ആവശ്യപ്പെട്ടു. എന്നാൽ , എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടും , അനുമതിയോടെയുമാണ് സന്ദർശനം നടത്തിയതെന്നും ഇക്കാര്യത്തെക്കുറിച്ച് നാളെ വാർത്താ സമ്മേളനം വിളിച്ച് വിശദമാക്കുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
 

Latest News