സാങ്കേതിക തിരുത്തലും മുൻനിര ഓഹരികളിലെ ലാഭമെടുപ്പും ഒപ്പം പുതിയ നിക്ഷേപകരുടെ കടന്നു വരവും ഇന്ത്യൻ മാർക്കറ്റിനെ പിന്നിട്ടവാരം അടിമുടി ഉഴുതുമറിച്ചു. നിഫ്റ്റി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വാരാന്ത്യ ക്ലോസിങ് കാഴ്ചവെച്ചതും വാരമധ്യത്തിലെ റെക്കോർഡ് പ്രകടനവും ഓപറേറ്റർമാരെ വിപണിയിലേയ്ക്ക് അടുപ്പിച്ചു. വൈകാതെ ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിക്കുമെന്ന വിശ്വാസവും ജൂലൈ മുതൽ രാജ്യത്ത് കാലവർഷം കൂടുതൽ സജീവമാകുമെന്ന സൂചനകളും ഓഹരി വിപണിയുടെ മുന്നേറ്റത്തിന് വളമാകും. നിഫ്റ്റി സൂചിക 177 പോയന്റും ബോംബെ സെൻസെക്‌സ് 580 പോയന്റും പ്രതിവാര മികവിലാണ്. വാരത്തിന്റെ തുടക്കത്തിൽ വിപണി ജൂൺ സീരീസ് സെറ്റിൽമെന്റ് അടുത്ത പിരിമുറുക്കത്തിലായിരുന്നു. നാലാഴ്ചകളിലെ കുതിപ്പിന് ശേഷം സംഭവിച്ച ഇടിവും ഈ അവസരത്തിൽ ഇടപാടുകരെ മുൾമുനയിലാക്കി. എന്നാൽ വിപണിയുടെ അടിയൊഴുക്ക് ശക്തമായതിനാൽ ഒരോ ഇടിവും പുതിയ നിക്ഷേപങ്ങൾക്ക് ഫണ്ടുകൾ അവസരമാക്കിയതോടെ നിഫ്റ്റി 15,683 ൽ നിന്ന് പുതിയ റെക്കോർഡായ 15,895 പോയന്റ് വരെ കയറി. കഴിഞ്ഞ വാരം ഇതേ കോളത്തിൽ വ്യക്തമാക്കിയതാണ് 15,906 ൽ തടസ്സം നേരിടുമെന്നത്. ഈ റേഞ്ചിലെ വൻമതിൽ തകർക്കാനുള്ള കരുത്ത് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യൻ മാർക്കറ്റ്. ഇതിനിടയിൽ ബുൾ ഇടപാടുകാർ ലാഭമെടുപ്പിന് ഉത്സാഹിച്ചതോടെ നിഫ്റ്റി 15,702 ലേയ്ക്ക് ഇടിഞ്ഞങ്കിലും ക്ലോസിങിൽ 15,860 പോയന്റിലാണ്.
നിഫ്റ്റി സൂചിക ഈ വാരം 15,900 ന് മുകളിൽ ഇടം കണ്ടത്താൻ നീക്കം നടത്താം. സൂചികയുടെ സാങ്കേതിക ചലനങ്ങൾ പരിശോധിച്ചാൽ 16,001 ൽ ആദ്യ തടസ്സം നേരിടാം. ഇത് മറികടന്നാൽ 16,143 പോയന്റ് ലക്ഷ്യമാക്കി നീങ്ങും. എന്നാൽ ആദ്യ പ്രതിരോധത്തിന് മുന്നേ വിപണിയുടെ കാലിടറിയാൽ തിരുത്തലിൽ 15,611 ൽ താങ്ങ് ലഭിക്കാം. വിപണിയുടെ സാങ്കേതിക വശങ്ങൾ ഡെയ്‌ലി ചാർട്ടിൽ വീക്ഷിച്ചാൽ സൂപ്പർ ട്രന്റ്, പാരാബോളിക് എസ് എ ആർ തുടങ്ങിയവ ബുള്ളിഷാണ്. സ്റ്റോക്കാസ്റ്റി്ക ആർ എസ് ഐ, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക് തുടങ്ങിയവ ഓവർ ബോട്ടായതിനാൽ തിരുത്തലിന് ശ്രമിക്കാം.
ബോംബെ സെൻസെക്‌സ് 52,344 ൽ നിന്ന് ചരിത്രത്തിൽ ആദ്യമായി 53,000 വും കടന്ന് 53,057 വരെ കയറിയതിനിടയിലെ ലാഭമെടുപ്പിൽ സൂചിക താഴ്‌ന്നെങ്കിലും വാരാന്ത്യം 52,925 പോയന്റിലാണ്.
മുൻനിര ഓഹരികളായ ഇൻഫോസീസ്, റ്റിസിഎസ്, എച്ച് സി എൽ, ആർ ഐ എൽ, എസ് ബി ഐ, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, മാരുതി, എംആന്റ് എം, ബജാജ് ഓട്ടോ, ഡോ. റെഡീസ്, സൺ ഫാർമ, ഒ എൻ ജിസി, എൽ ആന്റ് റ്റി, ഐ റ്റി സി തുടങ്ങിയവയുടെ നിരക്ക് ഉയർന്നു.
വിനിമയ വിപണിയിൽ രൂപയുടെ മൂല്യത്തിൽ മാറ്റമില്ല. നാണയപ്പെരുപ്പം നിയന്ത്രിക്കാൻ യുഎസ് ഫെഡ് റിസർവ് നീക്കം തുടങ്ങിയത് ഡോളറിൽ സ്ഥിരത സൃഷ്ടിച്ചു. രൂപയുടെ മൂല്യം 74.15 ലാണ്. അതേസമയം ക്രൂഡ് ഓയിൽ വില ഉയരുന്നതിനാൽ വിനിമയ മൂല്യം 74.72 ലേയ്ക്ക് സഞ്ചരിക്കാം. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ തുടർച്ചയായ അഞ്ചാം വാരവും ഉയർന്നു. ന്യൂയോർക്കിൽ എണ്ണവില 3.4 ശതമാനം ഉയർന്ന് ബാരലിന് 76.10 ഡോളറായി. 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഒപെക് വൈകാതെ ഉൽപാദനം ഉയർത്താൻ നീക്കം നടത്തുമെങ്കിലും എണ്ണ വിപണിയുടെ സാങ്കേതിക ചലനങ്ങൾ നിരീക്ഷിച്ചാൽ ബാരലിന് 100 ഡോളറിലേയ്ക്ക് വില ഉയരാൻ ഇടയുണ്ട്.
രാജ്യത്തെ വിദേശ നാണയ കരുതൽ ശേഖരം 4.148 ബില്യൺ ഡോളർ കുറഞ്ഞ് ജൂൺ 18 ന് അവസാനിച്ച വാരം 603.933 ബില്യൺ ഡോളറിലെത്തി. മുൻ നിരയിലെ പത്ത് കമ്പനികളിൽ ആറെണ്ണത്തിന്റെ വിപണി മൂല്യത്തിൽ 1,11,220.5 കോടി രൂപയുടെ വർധന. ടാറ്റ കൺസൾട്ടൻസി സർവീസ്, ഇൻഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയ്ക്ക് നേട്ടം. ആർ ഐ എൽ, എച്ച് യു എൽ, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയ്ക്ക് തിരിച്ചടി നേരിട്ടു.