Sorry, you need to enable JavaScript to visit this website.

കമ്മീഷനുകളെക്കൊണ്ട് എന്ത് പ്രയോജനം?


എന്റെ പാർട്ടി, എന്റെ കോടതി, എന്റെ പോലീസ്.. എന്നെ ഒരാൾ പീഡിപ്പിച്ചാൽ എന്റെ പാർട്ടിക്ക് പരാതി കൊടുക്കും  എന്നൊക്കെയുള്ള വീരസ്യം പറച്ചിൽ കേരളീയ പ്രബുദ്ധതയോടുള്ള വെല്ലുവിളിയാണ്. സ്ത്രീകളുടെ പരാതികൾക്ക് പരിഹാരം കാണേണ്ട വനിതാ കമ്മീഷൻ അധ്യക്ഷയുടെ അധികാര പ്രമത്തതയും ഔദ്ധത്യവും അങ്ങേയറ്റം അപലപനീയമായിരുന്നു. ജനാധിപത്യത്തോടുള്ള വെല്ലുവിളിയായിരുന്നു. ഇപ്പോഴും പാർട്ടിയുടെ ആധിപത്യത്തിൽ നിന്നും നമ്മുടെ വനിതാ കമ്മീഷനും അത് പോലെ നികുതിപ്പണം ധൂർത്തടിച്ച് വിലസുന്ന മറ്റു കമ്മീഷനുകളും സ്വതന്ത്രമായിട്ടില്ല.    വ്യക്തിപരവും രാഷ്ട്രീയവുമായ താൽപര്യങ്ങളുടെ പ്രതിഫലനങ്ങളാണ് ഒളിഞ്ഞോ തെളിഞ്ഞോ സ്ത്രീ സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന വനിതാ കമ്മീഷനിൽ നിന്നുണ്ടായത്. അതിന്റെ ചെയർപേഴ്‌സണിൽ നിന്നുണ്ടായത്.   കൊടിയുടെ നിറം നോക്കി സാഹിത്യ സാംസ്‌കാരിക രംഗങ്ങളിൽ പുതുപോഷണമേകി ഭാഷയെ, സാഹിത്യത്തെ പ്രതിനിധാനം ചെയ്യുന്നവർ ധാരാളമാണ്. പാവപ്പെട്ട സ്ത്രീകൾ അനുഭവിക്കുന്ന വിഷമങ്ങൾക്ക് ശാശ്വതമായ പരിഹാര നിർദേശങ്ങൾ നൽകാൻ വനിതാ കമ്മീഷന് കഴിയാതെ പോകുന്നുവെന്നതാണ് സത്യം. 

സംസ്ഥാന വനിതാ കമ്മീഷനിൽ കണ്ടത് രൂഢമൂലമായ പാർട്ടി മേധാവിത്വമാണ്. അക്കാദമികളുടേയും ബോർഡുകളുടേയും കമ്മീഷനുകളുടേയുമൊക്കെ പൊതു അവസ്ഥ ഇതാണ്. പാർട്ടി സ്വാധീനമില്ലത്ത എഴുത്തുകാരനും പീഡിതരാകുന്ന സ്ത്രീയും അവശതയനുഭവിക്കുന്ന മറ്റുള്ളവരുമൊക്കെ ഇത്തരം സ്ഥാപനങ്ങളുടെ വിവേചനത്തിന് ഇരയാകുന്നുണ്ട്. സാഹിത്യ അക്കാദമിയും ചലച്ചിത്ര അക്കാദമിയുമൊക്കെ ഉദാഹരണം.


സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൽ  നടക്കുന്ന അനീതികളെപ്പറ്റി പലരും എഴുതിയിട്ടുണ്ട്. തലപ്പത്തുള്ളവർക്കാകട്ടെ, ഒരു കുലുക്കവുമില്ല. വനിതാ കമ്മീഷന് കിട്ടുന്ന  ലക്ഷങ്ങളുടെ ആനുകൂല്യം പോലെ എല്ലാം മാസവും പാവപ്പെട്ടവന്റെ നികുതിപ്പണം അവർക്ക് വേതനമായും മറ്റു പല പേരുകളിലും കിട്ടുന്നു.  ആരൊക്കെ മടിശ്ശീല നിറക്കുന്നുവെന്നുള്ള കണക്കൊന്നും ആരുടേയും കൈയിലില്ല.   സർക്കാർ സ്ഥാപനങ്ങളിൽ തിരുകിക്കയറ്റുന്നവർക്ക് പാർട്ടി  പറയുന്നതാണ് വേദവാക്യം. ബ്രിട്ടീഷുകാർ ഭരിച്ച കാലത്തും ഇത്തരത്തിൽ ഒരു കൂട്ടരെ തൃപ്തിപ്പെടുത്താൻ ഇതുപോലുള്ള വിശ്വസ്ത സേവകർ അല്ലെങ്കിൽ രാഷ്ട്രീയ വിടുപണിക്കാരെ കണ്ടിട്ടുണ്ട്.  സത്യവും നീതിയും  പൊതുതാൽപര്യവും ബലികഴിച്ചുകൊണ്ട് വർഗ താൽപര്യവും സ്വാർത്ഥതയും വളർത്തുന്നവർക്ക് പരിരക്ഷ കൊടുക്കുന്നത് നീതിക്ക് നിരക്കുന്നതല്ല.  ഇന്ന് കാണുന്ന പ്രവണത പരാതി പറയുന്നവരെ, അനീതിക്കെതിരെ ശബ്ദിക്കുന്നവരെ ഭയപ്പെടുത്തുന്നു അല്ലെങ്കിൽ നിശ്ശബ്ദരാക്കുന്നു.  

വനിതാ കമ്മീഷൻ അധ്യക്ഷ, പുറത്തു പോകാൻ നിർബന്ധിതയായപ്പോൾ സൂത്രശാലികളായ പരിചാരകർ പറയുന്നത്,  സ്നേഹത്തോടെ, സാഹോദര്യത്തോടെ സ്ത്രീകളോട് പെരുമാറണമായിരുന്നുവെന്നൊക്കെയാണ്. ഈ കൂട്ടർക്ക് ഇപ്പോഴാണ് ബോധോദയമുണ്ടായത്. പാർട്ടി     അംഗങ്ങളല്ലാത്ത, അനുഭാവികളല്ലാത്ത എഴുത്തുകാരോടും അക്കാദമി കാട്ടുന്നത് ഈ അനീതിയാണ്. പാർട്ടി മേലാളന്മാർക്ക് ഓശാന പാടുന്നവർക്കെതിരെ പരാതി കൊടുത്താൽ അത് പ്രഹസനമായി മാറുന്നു. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൽ 2015 -16 ൽ ഞാൻ കൊടുത്ത സർദാർ പട്ടേൽ ജീവചരിത്രം ഇന്നുവരെ പുറത്തു വന്നിട്ടില്ല. എന്റെ പരാതി നേരിട്ട് പലർക്കും കൊടുത്തു.  ഉടൻ പരിഹാരമുണ്ടാകുമെന്ന് പറഞ്ഞുവെങ്കിലും ഇന്നുവരെ ഒരു ഫലവുമുണ്ടായില്ല.  കിട്ടാനിരിക്കുന്ന അവാർഡുകൾ, പദവികൾ എന്നിവ ആർക്കും നഷ്ടപ്പെടാൻ പാടില്ല. അങ്ങനെയും യോഗ്യതയില്ലാത്തവർ പലതും നേടുന്നു.  പണ്ട് മേൽജാതിക്കാരെ കണ്ട് താഴ്ന്ന ജാതിക്കാർ ഓടിപ്പോകുന്നതു പോലെയാണ് പാർട്ടിയുടെ എഴുത്തുകാരെ കാണുമ്പോൾ പാർട്ടിയില്ലാത്തവർ ഓടിപ്പോകുന്നത്.  സ്ത്രീവിമോചനം പോലെ സാഹിത്യ സാംസ്‌കാരിക രംഗത്തും വിമോചനം ആവശ്യമാണ്.

ഈ രംഗം ഒരു സ്വതന്ത്ര ഭരണകൂടത്തെ ഏൽപിക്കാതെ ഭാഷയും കലാ സാഹിത്യ രംഗവും രക്ഷപ്പെടില്ല. കേരളത്തിലെ പുരുഷാധിപത്യം പല സ്ത്രീകളെയും ചില്ലുപാത്രത്തിലടച്ചതു പോലെയാണ് പാർട്ടികളുടെ ഏകാധിപത്യം എഴുത്തുകാരേയും കൂട്ടിലടക്കുന്നത്. .ഒരു ഭാഗത്തു് മലയാള കലാസാഹിത്യത്തിന്റ അഭിവൃദ്ധിക്കു വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്ന് പറയുകയും മറുഭാഗത്തു്  പാർട്ടി എഴുത്തുകാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നത് ഭാഷയോട് കാണിക്കുന്ന അനീതിയാണ്.    കേരള സർക്കാരിന്റെ കീഴിലുള്ള പ്രമുഖ സാഹിത്യ സാംസ്‌കാരിക സ്ഥാപനമായ ഭാഷാ ഇൻസ്റ്റിറ്റിയൂട്ട് എടുക്കുക. അതിന്റ ഡയറക്ടർ ഒരു പ്രമുഖ സാഹിത്യകാരനോ കവിയോ പണ്ഡിതനോ അല്ല. എന്നിട്ടും പദവി കൊടിയുടെ നിറത്തിൽ കിട്ടുന്നു. യോഗ്യതയുള്ളവർ തള്ളപ്പെടുന്നു. ഭാഷയോടുള്ള ബന്ധമല്ല ഇവിടെ നടപ്പാക്കുന്നത്. അതിലുപരി ഓരോരുത്തർ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടെ സംസ്‌കാരമാണ് ഉയർത്തിപ്പിടിക്കുന്നത്. 


വിദ്യ കൊണ്ട് പ്രബുദ്ധരായ കേരള ജനതക്ക് മേൽ പാർട്ടി അധികാര സ്ഥാപനം നടത്തുന്ന വിവേചനം അല്ലെങ്കിൽ അവഗണന ചരിത്രത്തിന്റെ തിരിച്ചടി നേരിടുക തന്നെ ചെയ്യും. സ്ത്രീകളുടെ സംരക്ഷണത്തിനായി സ്നേഹവും കരുതലുമുള്ള വനിതാ കമ്മീഷൻ കേരളത്തിൽ ഉണ്ടാകട്ടെ. അതുപോലെ കാലോചിതമായ മാറ്റങ്ങൾ ബാലാവകാശ കമ്മീഷൻ, മനുഷ്യാവകാക കമ്മീഷൻ എന്നിവയ്ക്കും അനിവാര്യമാണ്. സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലും  പുത്തൻ ഉണർവുണ്ടാക്കുന്ന അക്കാദമികളും കോർപറേഷനുകളും ബോർഡുകളും വരട്ടെ. ഇല്ലെങ്കിൽ ഇത്തരം രാഷ്ട്രീയാഭിമുഖ്യം അഥവാ വിധേയത്വം പ്രകടിപ്പിക്കുന്ന വെള്ളാന സ്ഥാപനങ്ങൾ പിരിച്ചുവിടുന്നതാണ് ഉചിതം.
  

Latest News