5 ലക്ഷം ടൂറിസ്റ്റുകള്‍ക്ക് വിസ ഫ്രീ; വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേന്ദ്ര പദ്ധതി

ന്യൂദല്‍ഹി- ടൂറിസ്റ്റ് വിസ ഇഷ്യൂ ചെയ്യുന്നത് പുനരാരംഭിച്ചാല്‍ ആദ്യം അപേക്ഷിക്കുന്ന അഞ്ച് ലക്ഷം വിനോദ സഞ്ചാരികള്‍ക്ക് സൗജന്യ വിസ അനുവദിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് രൂക്ഷമായി ബാധിച്ച വിനോദ സഞ്ചാരമേഖലയെ ഉത്തേജിപ്പിക്കാനും തിരിച്ചുപൂര്‍വസ്ഥിതിയിലെത്തിക്കാനും ലക്ഷ്യമിട്ടാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. 2022 മാര്‍ച്ച് 31 വരെ, അല്ലെങ്കില്‍ വിസകളുടെ എണ്ണം അഞ്ച് ലക്ഷം തികയുന്നതു വരെ ഈ ഓഫര്‍ നിലവിലുണ്ടാകും. കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച് മേഖലകള്‍ക്കായി എട്ട് പദ്ധതികളാണ് കേന്ദ്രം പ്രഖ്യാപിച്ചത്. ഒരു ടൂറിസ്റ്റിന് ഈ ആനുകൂല്യം ഒരു തവണ മാത്രമെ ലഭിക്കൂ. ഇത് 100 കോടി രൂപയുടെ ഇളവുകളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. 

ട്രാവല്‍, ടൂറിസം രംഗം വന്‍ തിരിച്ചടിയാണ് കോവിഡ് മൂലം നേരിട്ടത്. വിദേശികളെ കൂടുതലായി ആകര്‍ഷിക്കുന്ന രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായി ഗോവയ്ക്കും കേരളത്തിനും ഇത് ആയിരക്കണക്കിന് കോടികളുടെ നഷ്ടമാണ് ഉണ്ടാക്കിയത്. ലോക്ഡൗണ്‍ കാരണം ടൂറിസ്റ്റ് വീസകള്‍ നിര്‍ത്തിവെച്ച ആദ്യ മൂന്ന് മാസങ്ങളില്‍ തന്നെ കേരളത്തിന് 15000 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി നേരത്തെ കേരള ടൂറിസം മന്ത്രി പറഞ്ഞിരുന്നു.
 

Latest News