Sorry, you need to enable JavaScript to visit this website.

കുളത്തെ ചൊല്ലി തര്‍ക്കം; ജാമ്യത്തിലിറങ്ങിയ യുവാവ് മുന്‍ വിസിയെ വെട്ടിക്കൊന്നു

ഭുവനേശ്വര്‍- കുളം കയ്യേറാനുള്ള ശ്രമത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന സംബല്‍പൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ധ്രുവരാജ് നായിക്കിനെ (83) യുവാവ് വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. നായിക്കിന്റെ പരാതിയില്‍ നേരത്തെ അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്ത പ്രവീണ്‍ ധര്‍വ എന്ന 20കാരനാണ് പ്രതി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. നായിക്കിന്റെ സ്വദേശമായ സര്‍ഗിധിയിലെ ഒരു കുളം പ്രവീണിനും കുടുംബത്തിനും പാട്ടത്തിനു നല്‍കിയിരുന്നു. പാട്ടക്കാലവധി തീര്‍ന്ന ശേഷം ഈ കുളം ഒഴിഞ്ഞു നല്‍കാതെ സ്വന്തമാക്കാന്‍ പ്രവീണും കുടുംബവും ശ്രമിച്ചതിനെ തുടര്‍ന്ന് നായിക്ക് ഇവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ അറസ്റ്റിലായ പ്രവീണ്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം കേസിനു ചെലവായ 15,000 രൂപ തിരിച്ചു നല്‍കണം എന്നാവശ്യപ്പെട്ടാണ് നായിക്കിന്റെ വീട്ടിലെത്തിയത്. ഈ പണം ചോദിച്ച് പ്രവീണ്‍ നായിക്കുമായി വാഗ്വാദമുണ്ടാക്കി. ഇതിനിടെ പ്രവീണ്‍ കയ്യില്‍ കരുതിയിരുന്ന മഴു പുറത്തെടുത്ത് നായിക്കിനെ വെട്ടുകയായിരുന്നു. പ്രതി ഇവിടെ നിന്ന് മുങ്ങുകയും ചെയ്തു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി വെട്ടേറ്റ നായിക്ക് മരിച്ചിരുന്നു. പോലീസ് നടത്തിയ തിരച്ചലിനിടെ രണ്ടു മണിക്കൂറിനു ശേഷമാണ് പ്രതി പ്രവീണ്‍ പിടിയിലായത്. 

ഉത്കല്‍ യൂണിവേഴ്‌സിറ്റില്‍ സുവോളജി അധ്യാപകനായിരുന്നു ഡോ. ധ്രുവ്‌രാജ് നായിക്ക്. 1998ല്‍ ഒഡീഷ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് വിരമിച്ച ഉടന്‍ സര്‍ക്കാര്‍ സംബല്‍പൂര്‍ യൂണിവേഴ്‌സിറ്റി വിസിയായി നിയമിച്ചു. 2001ല്‍ ഈ പദവിയില്‍ നിന്ന് വിരമിച്ചത്.
 

Latest News