കോഴിക്കോട്- വടകരയില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളായ മുന്‍ സിപിഎം നേതാക്കള്‍ പി.പി ബാബുരാജ്, ടി.പി ലിജീഷ് എന്നിവരെ പോലീസ് പിടികൂടി. തിങ്കളാഴ്ച പുലര്‍ച്ചെ ആറു മണിയോടെ കരിമ്പനപ്പാലത്തു നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മുളിയേരി ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു ബാബുരാജ്. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ആയിരുന്നു ലിജീഷ്. കേസിനെ തുടര്‍ന്ന് ഇരുവരേയും പാര്‍ട്ടി പുറത്താക്കിയിരുന്നു.
മൂന്ന് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. അര്‍ദ്ധരാത്രി വീട്ടില്‍ അതിക്രമിച്ചെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബാബുരാജ് ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. പിന്നീട് പലതവണ പീഡനം തുടര്‍ന്നു. ലിജീഷും വീട്ടിലെത്തി പലതവണ പീഡിപ്പിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. മുളിയേരി ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗമായ യുവതി സംഭവം പാര്‍ട്ടി നേതാക്കളോട് പരാതിപ്പെട്ടപ്പോള്‍ അനുരഞ്ജനത്തിന് ശ്രമിച്ചത് ഒരു വിഭാഗത്തിനിടയില്‍ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്ന് നീതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ വീട്ടില്‍ പോലീസ് തെളിവെടുപ്പ് നടത്തി. യുവതിയെ വൈദ്യപരിശോധന നടത്തുകയും ചെയ്തു.