സ്ത്രീധനത്തിന്റെ പേരില്‍ കൂട്ടബലാത്സംഗം; നവവധുവിനെ  ഭര്‍ത്താവും സഹോദരന്മാരും ചേര്‍ന്ന് പീഡിപ്പിച്ചു

ലഖ്‌നൗ- സ്ത്രീധനത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ നവവധവിനെ ഭര്‍ത്താവും സഹോദരങ്ങളും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു. കുടുംബാഗങ്ങളുടെ ക്രൂര പീഡനത്തിനിരയായ 20കാരി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഭര്‍ത്താവും രണ്ട് സഹോദരങ്ങളും ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്. കുടുംബത്തിലെ മറ്റംഗങ്ങളും ഉപദ്രവിച്ചിരുന്നെന്നാണ് പരാതിയെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.
ഉത്തര്‍പ്രദേശിലെ ബദായുന്‍ ജില്ലയില്‍ നിന്നാണ് ക്രൂരസംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോട്‌വാലി സ്വദേശിനിയായ പെണ്‍കുട്ടിയും ഉസ്മാന്‍പുര്‍ സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം ജൂണ്‍ 22നാണ് നടന്നത്. ഭര്‍ത്താവിന്റെ വീട്ടിലേക്കെത്തിയതിന് പിന്നാലെ സ്ത്രീധനത്തിന്റെ പേരില്‍ കുടുംബാംഗങ്ങള്‍ ഉപദ്രവിക്കാന്‍ തുടങ്ങി. ഭര്‍ത്താവും സഹോദരങ്ങളും ചേര്‍ന്ന് കൂട്ടബലാത്സംഗവും ചെയ്‌തെന്നും യുവതി ആരോപിക്കുന്നു. ഷരീഫ്‌നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.
ക്രൂരമായ പീഡനമാണ് തനിക്ക് നേരിടേണ്ടി വന്നതെന്നാണ് യുവതി പറയുന്നത്. അവര്‍ എന്നെ കൂട്ടബലാത്സംഗത്തിനിരയാക്കി, വടികൊണ്ട് ഉപദ്രവിച്ചു, സ്വകാര്യ ഭാഗങ്ങള്‍ പൊള്ളിച്ചു. വിഷം നല്‍കി കൊല്ലാനുള്ള ശ്രമവും ഉണ്ടായെന്നും യുവതി ആരോപിക്കുന്നു. വിവരമറിഞ്ഞ് യുവതിയുടെ പിതാവ് പോലീസുമായെത്തിയാണ് മകളെ രക്ഷിക്കുന്നത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേിപ്പിരിക്കുകയാണ്.
പരാതിയുടെ അടിസ്ഥാനത്തില്‍ ഏഴ് പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണം ആരംഭിച്ചതായും യുവതിയുടെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. വൈദ്യപരിശോധനയുടെ അടിസ്ഥാനത്തിലാകും കൂടുതല്‍ നടപടികള്‍ സ്വീകരിക്കുകയെന്ന് ബദായുന്‍ എസ്എസ്പി ശര്‍മ പറഞ്ഞു.
 

Latest News