കാസര്‍കോട്- കോവിഡ് ലോക്ഡൗണും നിയന്ത്രണങ്ങളും കാരണം ജീവിതം വഴിമുട്ടിയപ്പോള്‍ പാളത്തൊപ്പികള്‍ നിര്‍മിച്ച് പട്ടിണി മാറ്റുകയാണ് തെയ്യംകലാകാരന്‍. മടിക്കൈ മുണ്ടോട്ടെ താഴത്തുവീട്ടില്‍ കെ. ബാലകൃഷ്ണന്‍ കലയപ്പാടിയാണ് അച്ഛനില്‍നിന്ന് സ്വായത്തമാക്കിയ പാളത്തൊപ്പി നിര്‍മാണം തുടങ്ങി അല്ലലില്ലാതെ കുടുംബജീവിതം കഴിയാനുള്ള വകകണ്ടെത്തുന്നത്.
ദിവസങ്ങള്‍ക്കകം ഈ തെയ്യം കലാകാരന്റെ പാളത്തൊപ്പിയുടെ മഹിമ കടല്‍ കടന്ന് ദുബായില്‍ എത്തുകയാണ്. ആവശ്യക്കാര്‍ ബാലകൃഷ്ണന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.
തെയ്യം കെട്ടിയാടി ഉപജീവനം നടത്തിയിരുന്ന കുടുംബം മഹാമാരി പിടിപെട്ടതോടെ കഷ്ടത്തിലായി. രണ്ടുവര്‍ഷമായി തെയ്യംകെട്ടലുകളും ഉത്സവങ്ങളും ഇല്ലാതായി. ഏറെ കഷ്ടപ്പെട്ടാണെങ്കിലും വറുതിയെ കലാജീവിതം കൊണ്ട് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം. കാസര്‍കോട് തുളുനാട്ടിലെ നല്‍ക്കതായ സമുദായാംഗമായ ഇദ്ദേഹം 17-ാം വയസ്സില്‍ ഏച്ചിക്കാനം ചേര്‍ക്കര തറവാട്ടില്‍ നിന്നും ആചാരപ്പെട്ടതാണ്. പഞ്ചുരുളി, കൊറത്തി, ചാമുണ്ഡി തെയ്യങ്ങള്‍, ഗുളികന്‍ തുടങ്ങിയ തെയ്യങ്ങള്‍ കെട്ടിയാടിയിരുന്നു. തുലാം പത്തിന് തുടങ്ങി ഇടവപ്പാതി വരെ നീണ്ടുനില്‍ക്കുന്ന തെയ്യാട്ടക്കാലം ഇല്ലാതായതോടെ തെയ്യം കലാകാരന്മാരുടെ കുടുംബം മുഴുവന്‍ പ്രതിസന്ധിയിലായത് ബാലകൃഷ്ണനെയും ബാധിച്ചു. ഇതോടെയാണ് പാളത്തൊപ്പി നിര്‍മിച്ച് ജീവിതമാര്‍ഗം കണ്ടെത്താന്‍ തീരുമാനിച്ചത്. മുമ്പും തെയ്യംകെട്ട് ഇല്ലാത്ത സമയങ്ങളില്‍ തൊപ്പി നിര്‍മിച്ചുവന്നത് സൗകര്യമായി. ഇടയ്ക്ക് തെയ്യം കെട്ടാന്‍ പോകുമ്പോള്‍ പാളത്തൊപ്പികള്‍ കൊണ്ടുപോകുമായിരുന്നു. അറിയുന്നവര്‍ തൊപ്പി വാങ്ങാന്‍ അണിയറയിലേക്ക് വരും. കാവിലെ കലാശത്തിനും ധാരാളം തൊപ്പി ചെലവായ കാലമുണ്ടായിരുന്നു. പാടത്തും പറമ്പിലും പണകളിലും തോട്ടങ്ങളിലും പണിയെടുക്കുന്നവര്‍ ഈ തൊപ്പിയാണ് അണിയുന്നത്. രാത്രി മാത്രം അഴിച്ചുവെച്ചാല്‍ മതിയാകും. അതുവരെയും തലയ്ക്ക് തണുപ്പ് കിട്ടാന്‍ പാളത്തൊപ്പി ഉത്തമമാണ്. മഴക്കാലമാണ് പാളത്തൊപ്പിയുടെ സീസണ്‍. തൊപ്പിയുണ്ടാക്കാന്‍ വെള്ളച്ചേരി, പനങ്ങാട് തുടങ്ങിയ കവുങ്ങിന്‍ തോട്ടങ്ങളില്‍ പോയി ബാലകൃഷ്ണനും ഭാര്യ പ്രമീളയും പാളകള്‍ ശേഖരിച്ചു കൊണ്ടുവരും. തെയ്യം കെട്ടിന് ആചാരപ്പെട്ട മകന്‍ ശ്രീഹരിയും വിദ്യാര്‍ഥിയായ മകള്‍ ശ്രീധുവും പാളത്തൊപ്പി നിര്‍മാണത്തില്‍ അച്ഛനെ സഹായിക്കും. പാളകള്‍ നനച്ചെടുത്താണ് തൊപ്പി നിര്‍മിക്കുന്നത്. കൈത നാരു കിട്ടാത്തതിനാല്‍ പനയുടെ കണ്ണിയാണ് കെട്ടാന്‍ ഉപയോഗിക്കുന്നത്. ഒരു ദിവസം 15 തൊപ്പികള്‍ നിര്‍മിക്കും. സീസണ്‍ കാലത്ത് 2500 ഓളം തൊപ്പികള്‍ നിര്‍മിച്ച് നല്‍കിയിട്ടുണ്ട്. 60 രൂപ മുതല്‍ 100 രൂപ വരെ കിട്ടും. ആവശ്യത്തിന് അനുസരിച്ചു മൊത്തമായി നിര്‍മിച്ച് നല്‍കുകയാണ് ബാലകൃഷ്ണനും കുടുംബവും. നാട്ടില്‍ പലരും തൊപ്പിക്കായി എത്താറുണ്ട്. അച്ഛനില്‍നിന്ന് പാളത്തൊപ്പി നിര്‍മിക്കാന്‍ പഠിച്ചത് ഇപ്പോള്‍ ഉപകാരമായെന്നും ഇതുണ്ടാക്കി മക്കളെ പോറ്റുന്നുവെന്നും പാളത്തൊപ്പി നിര്‍മാണം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായം ചെയ്യണമെന്നും ബാലകൃഷ്ണന്‍ കലയപ്പാടി പറഞ്ഞു.