റിയാദ് - സൗദി ജീവനക്കാരെ തേടി ടെലികോം, ഐ.ടി സ്ഥാപനങ്ങള്‍ക്കു മുന്നില്‍ പരസ്യം. ടെലികോം, ഐ.ടി മേഖലയില്‍ സൗദിവല്‍ക്കരണം നടപ്പാക്കി തുടങ്ങി. നിശ്ചിത സ്‌പെഷ്യലൈസേഷനുകളില്‍ അഞ്ചും അതില്‍ കൂടുതലും ജീവനക്കാര്‍ ജോലി ചെയ്യുന്ന ടെലികോം, ഐ.ടി സ്ഥാപനങ്ങളെല്ലാം 25 ശതമാനം സൗദിവല്‍ക്കരണം പാലിക്കല്‍ നിര്‍ബന്ധമാണ്. ചെറുകിട സ്ഥാപനങ്ങളെ സൗദിവല്‍ക്കരണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഐ.ടി എന്‍ജിനീയറിംഗ്, ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്-പ്രോഗ്രാമിംഗ്-അനാലിസിസ്, ടെക്‌നിക്കല്‍ സപ്പോര്‍ട്ട്-ടെലികോം ടെക്‌നിക്കല്‍ ജോലികള്‍ എന്നീ പ്രൊഫഷനുകള്‍ സൗദിവല്‍ക്കരണത്തിന്റെ പരിധിയില്‍ വരും. ഇതില്‍ ഓരോ തൊഴില്‍ ഗ്രൂപ്പിലും 25 ശതമാനം വീതം സൗദിവല്‍ക്കരണം പാലിക്കല്‍ നിര്‍ബന്ധമാണ്.
ഇതിലൂടെ ടെലികോം, ഐ.ടി മേഖലയില്‍ സ്വദേശികള്‍ക്ക് 9,000 തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ലക്ഷ്യമിടുന്നത്. ടെലികോം, ഐ.ടി സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സൗദി യുവതീയുവാക്കളെ സൗദിവല്‍ക്കരണത്തില്‍ ഉള്‍പ്പെടുത്തി കണക്കാക്കാന്‍ സ്‌പെഷ്യലിസ്റ്റ് തൊഴിലുകളില്‍ വേതനം 7,000 റിയാലിലും ടെക്‌നിക്കല്‍ തൊഴിലുകളില്‍ ശമ്പളം 5,000 റിയാലിലും കുറവാകാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്.