ബെംഗളുരു- ബ്രാഹ്‌മണിസത്തെ വിമര്‍ശിച്ചതിന് കേസുകൾ നേരിടുന്ന യുവനടന്‍ ചേതന്‍ കുമാര്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കര്‍ണാടക തൊഴില്‍ മന്ത്രി അബ്‌റയ്ല്‍ ശിവറാം ഹെബ്ബാറിനെതിരെ അപകീര്‍ത്തി കേസ് നല്‍കി. ബി ആര്‍ അംബേദ്കറേയും പെരിയാറിനേയും ഉദ്ധരിച്ച് ബ്രാഹ്‌മണിസത്തെ വിമര്‍ശിക്കുകയും ബസവ, ബുദ്ധ ആശയങ്ങളെ കൊന്ന ബ്രാഹ്‌മണിസത്തെ വേരോടെ പിഴുതെറിയണമെന്ന് പറയുകയും ചെയ്ത നടന്‍ ചേതന്‍ കുമാറിനെതിരെ രണ്ടിടത്ത് പോലീസ് കേസെടുത്തിട്ടുണ്ട്. നടനെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് പറഞ്ഞ് മന്ത്രി ഹെബ്ബാര്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനെതിരെയാണ് നടന്‍ അപകീര്‍ത്തി കേസ് നല്‍കിയത്. തനിക്കെതിരെ വളരെ മോശമായ ഭാഷയിലാണ് മന്ത്രി പ്രതികരിച്ചത്. ഇത്തരം കാര്യങ്ങളെ പൊതുവെ അവഗണിക്കാറാണ് പതിവ്. എന്നാല്‍ അധികാരമുള്ള മന്ത്രിപദവിയില്‍ ഇരിക്കുന്ന പൊതു പ്രവര്‍ത്തകനായ ഒരാളില്‍ നിന്നും ഇതുണ്ടാകാന്‍ പാടില്ല. അതുകൊണ്ടാണ് അപകീര്‍ത്തി കേസ് നല്‍കിയതെന്നും നടന്‍ പറഞ്ഞു.
ബഹുജന്‍ മൂര്‍ത്തികളായ ബുദ്ധ, ബസവ, ഡോ. അംബേദ്കര്‍, പെരിയാര്‍ അടക്കമുള്ള പ്രമുഖരെ ഉദ്ധരിച്ചതിനും അഭിപ്രായ സ്വാതന്ത്ര്യമെന്ന ജനാധിപത്യ അവകാശത്തിനു വേണ്ടി നിലകൊണ്ടതിനും എന്നെ ജയിലിലടക്കാന്‍ മന്ത്രി അദ്ദേഹത്തിന്റെ സ്വാധീനം ഉപയോഗിക്കുകയാണെന്നും ചേതന്‍ ആരോപിച്ചു. ജാതി വ്യവസ്ഥയേയും ബ്രാഹ്‌മണിസത്തേയും വിമര്‍ശിക്കുന്നത് തുടരുമെന്നും ചേതന്‍ കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.






