ആരുമായും സഖ്യത്തിനില്ല; യുപിയിലും ഉത്തരാഖണ്ഡിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിഎസ്പി

ലഖ്‌നൗ- ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലും ഉടന്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷ മായാവതി. അസദുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിയുമായി (എ.ഐ.എം.ഐ.എം) സഖ്യമുണ്ടാക്കുമെന്ന റിപോര്‍ട്ടുകളെ മായാവതി തള്ളി. പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ശിരോമണി അകാലി ദളുമായി മാത്രമാണ് ബിഎസ്പിയുടെ ഏക സഖ്യമെന്നും മായാവതി വ്യക്തമാക്കി. ബിഎസിപിയും മജ്‌ലിസും ഒന്നിച്ചു മത്സരിക്കുമെന്ന വാര്‍ത്തകള്‍ തെറ്റും വസ്തുതാ വിരുദ്ധവുമാണെന്ന് അവര്‍ പറഞ്ഞു.

ഈയിടെ യുപിയില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വളരെ മോശം പ്രകടനമായിരുന്നു ബിഎസ്പിയുടേത്. ബിജെപിക്കും എസ്.പിക്കും ശേഷം മൂന്നാമതായിരുന്നു ബിഎസ്പി. പഞ്ചാബില്‍ 25 വര്‍ഷത്തിനു ശേഷമാണ് വീണ്ടും ശിരോമണി അകാലി ദളുമായി സഖ്യമുണ്ടാക്കിയിരിക്കുന്നത്. 1996ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അകാലിദള്‍-ബിഎസ്പി സഖ്യം 13ല്‍ 11 സീറ്റും നേടിയിരുന്നു. പുതിയ സഖ്യ ധാരണാ പ്രകാരം പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പി ദൊആബ് മേഖലയില്‍ തങ്ങള്‍ക്ക് ലഭിച്ച 20 സീറ്റുകളില്‍ എട്ടിടത്ത് മത്സരിക്കും.
 

Latest News