Sorry, you need to enable JavaScript to visit this website.

രാഷ്ട്രപതിക്കു കടന്നു പോകാന്‍ വാഹനം തടഞ്ഞു, രോഗിയായ സ്ത്രീ മരിച്ചു; മാപ്പപേക്ഷയുമായി യുപി പോലീസ്

കാന്‍പൂര്‍- കാന്‍പൂരിലെ തന്റെ നാട് സന്ദര്‍ശിക്കാനെത്തിയ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ വാഹന വ്യൂഹത്തിനു കടന്നു പോകാന്‍ വാഹനങ്ങള്‍ തടഞ്ഞിട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു കൊണ്ടു പോകുകയായിരുന്ന ഗുരുതരാവസ്ഥയിലായ സ്ത്രീ മരിച്ചു. സംഭവം രാഷ്ട്രപതി അറിഞ്ഞതോടെ കുടുംബത്തോട് മാപ്പപേക്ഷിച്ച് യുപി പോലീസും ഉന്നത ഉദ്യോഗസ്ഥരും മരിച്ച സ്ത്രീയുടെ വീട്ടിലെത്തി. കാന്‍പൂര്‍ പോലീസ് മേധാവി സംഭവത്തില്‍ മാപ്പും പറഞ്ഞു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഡസ്ട്രീസ് കാന്‍പൂര്‍ ചാപ്റ്ററിന്റെ വനിതാ വിഭാഗം അധ്യക്ഷയായിരുന്ന വന്ദന മിശ്ര (50) ആണ് ആശുപത്രിയിലേക്കുള്ള വഴി മധ്യേ ട്രാഫിക് കുരുക്കിലടകപ്പെട്ട് ചികിത്സ കിട്ടാതെ മരിച്ചത്.  ഇവരുമായി ബന്ധുക്കള്‍ കാന്‍പൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. ഇതേസമയം തന്നെ രാഷ്ട്രപതിക്കു കടന്നു പോകുന്നതിനു വേണ്ടി റോഡിയെ വാഹന ഗതാഗതം തടഞ്ഞിരുന്നു. രാഷ്ട്രപതി വെള്ളിയാഴ്ച രാത്രിയാണ് കാന്‍പൂരിലെത്തിയത്. ഇതുകാരം ഏറെ നേരം ട്രാഫിക് ബ്ലോക്ക് ഉണ്ടായിരുന്നു. 

വന്ദന മിശ്രയുടെ വേര്‍പ്പാടില്‍ കാന്‍പൂര്‍ പോലീസിനു വേണ്ടി മാപ്പു ചോദിക്കുന്നുവെന്ന് പോലീസ് മേധാവി അസിം അരുണ്‍ ട്വീറ്റ് ചെയ്തു. സംഭവം അറിഞ്ഞ രാഷ്ട്രപതി ഖേദം പ്രകടിപ്പിച്ചതായും പോലീസ് അറിയിച്ചു. പോലീസ് കമ്മീഷണറേയും ജില്ലാ മജിസ്‌ട്രേറ്റിനേയും വിളിച്ച് രാഷ്ട്രപതി സംഭവത്തെ കുറിച്ച് അന്വേഷിക്കുകയും തന്റെ അനുശോചനം കുടുംബത്തെ അറിയിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. ഒരു സബ് ഇന്‍സ്‌പെക്ടറേയും മൂന്ന് കോണ്‍സ്റ്റബിള്‍മാരേയും സസ്‌പെന്‍ഡ് ചെയ്തു. വന്ദന മിശ്രയുടെ സംസ്‌കാര ചടങ്ങിനിടെ ഉന്നത പോലീസ് ഓഫീസര്‍മാരും ഉദ്യോഗസ്ഥരും ഇവരുടെ വീട്ടിലെത്തി കുടുംബത്തെ നേരിട്ട് അനുശോചനം അറിയിച്ചു.

Latest News