ഫോണെടുക്കുമ്പോള്‍ അപ്പുറത്ത് നഗ്‌ന സുന്ദരി, പിന്നെ ബ്ലാക്ക് മെയിലിംഗ്; പണവും മാനവും പോയി നിരവധി പേര്‍

കാസര്‍കോട്- വാട്‌സാപ്പില്‍ അപരിചിതരുടെ വീഡിയോ കോളുകള്‍ എടുത്ത് കുരുക്കിലായിരിക്കുന്നത് അനവധി പേര്‍. അപരിചിതമായ നമ്പറില്‍നിന്ന് വരുന്ന വീഡിയോ കോള്‍ എടുക്കുമ്പോള്‍ മറുതലക്കല്‍ നഗ്‌നരായി സുന്ദരിയായ സ്ത്രീയുണ്ടാവും. വീഡിയോ കോളില്‍ ഒരു ഭാഗത്ത് ഫോണ്‍ എടുക്കുന്ന വ്യക്തിയുടെ മുഖം ദൃശ്യമാകുന്നതിനാല്‍ ഇത് കോള്‍ ചെയ്തവര്‍ റെക്കോര്‍ഡ് ചെയ്യുകയോ സ്‌ക്രീന്‍ ഷോട്ട് എടുക്കുകയോ ചെയ്യുന്നു. കോള്‍ എടുത്ത് എന്താണ് സംഭവിക്കുന്നത് എന്നറിയും മുമ്പേ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ടാവും. നഗ്‌നയായ യുവതിക്കൊപ്പം വീഡിയോ കോള്‍ ചെയ്തു എന്ന തരത്തില്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോ അല്ലെങ്കില്‍ ഫോട്ടോ ഇരക്ക് അയച്ചു കൊടുക്കുന്നു. അതുപയോഗിച്ച് ബ്ലാക്മെയില്‍ ചെയ്യുന്നു. അവര്‍ ആവശ്യപ്പെടുന്ന പണം നല്‍കിയില്ലെങ്കില്‍ ഇവ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്നാണ് ഭീഷണി.

സാമൂഹിക മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഭീഷണി ഉയര്‍ത്തുന്നു. ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ചും ഇങ്ങനെ കെണിയില്‍ വീഴ്ത്തുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ചാറ്റ് ചെയ്ത് പ്രദേശത്തെ ഏതെങ്കിലും സംശയം ചോദിക്കാനെന്ന പേരിലോ മറ്റോ തന്ത്രത്തിലൂടെ ഇരയുടെ മൊബൈല്‍ നമ്പര്‍ കൈക്കലാക്കുന്നു. ശേഷം വാട്‌സ് ആപ്പിലൂടെ വീഡിയോ കോള്‍ ചെയ്ത് കുടുക്കുകയാണ് ചെയ്യുന്നത്. ഫേസ്ബുക് ഫ്രണ്ട് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. നാണക്കേട്മൂലം പലരും അവര്‍ ആവശ്യപ്പെടുന്ന തുക നല്‍കി ഒഴിവാക്കുകയാണ് ചെയ്യുന്നത്.

2000 മുതല്‍ രണ്ട് ലക്ഷം രൂപ വരെ ഇത്തരത്തില്‍ ഇവര്‍ കൈക്കലാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒരു തവണ പണം കൊടുത്താല്‍ കൂടുതല്‍ പണം വേണമെന്ന ആവശ്യവും ഉയര്‍ത്തുന്നു. മാനം ഭയന്ന് പലരും പോലീസില്‍ പരാതി നല്‍കാന്‍ ഭയക്കുന്നത് തട്ടിപ്പുകാര്‍ക്ക് വിലസാന്‍ അവസമാകുന്നു. പണം നല്‍കാത്തതിനാല്‍ ഇരയുടെ കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് ദൃശ്യങ്ങള്‍ അയച്ചു കൊടുത്ത കേസുകളും ഉണ്ടായിട്ടുണ്ട്. കാസര്‍കോട്ട് നിന്നു പലരും ഇങ്ങനെ ഇരയാക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കാസര്‍കോട്ട്‌നിന്ന് പല പരാതികളും ലഭിച്ചതായി സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അറിയാതെ സംഭവിക്കുന്ന കാര്യത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ കുഴയുമ്പോള്‍ ഭീഷണികള്‍ക്ക് വഴങ്ങുകയല്ലാതെ വേറെ വഴിയില്ലെന്നാണ് ഇവര്‍ പറയുന്നത്. കുടുംബവും സുഹൃത്തുക്കളും ഇത് അറിഞ്ഞാലുള്ള ഭയമോര്‍ത്താണ് തട്ടിപ്പുകാരുടെ ഭീഷണിക്ക് വഴങ്ങുന്നത്. സ്ത്രീകളെ ഉന്നമിടുന്നതായും പരാതിയുണ്ട്. സ്ത്രീയാണ് ഫോണ്‍ എടുക്കുന്നതെങ്കില്‍ പുരുഷന്റെ ദൃശ്യമാണ് മറുതലക്കല്‍ കാണിക്കുക. കോള്‍ ചെയ്തവര്‍ ഇംഗ്ലീഷിലും ഹിന്ദിയിലും സംസാരിക്കാറുണ്ടെന്ന് ഇരയായവര്‍ പറയുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നാണ് കൂടുതല്‍ കോളുകള്‍ വരുന്നത്. കോവിഡ് കാലത്താണ് ഇത്തരം കോളുകള്‍ വ്യാപകമായത്. പോലീസും പലതവണ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപരിചിത നമ്പറുകളില്‍നിന്നുള്ള വീഡിയോ കോള്‍ എടുക്കരുതെന്നാണ് പോലീസ് പറയുന്നത്.

 

 

 

Latest News