കൊണ്ടോട്ടി- രാമനാട്ടുകര വാഹനാപകടത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ചെറുപ്പളശ്ശേരി സംഘത്തെ ഏകോപിപ്പിച്ച സുഫിയാന്റെ സഹോദരൻ അറസ്റ്റിൽ. ഇയാളുടെ വീട്ടിൽ നിന്ന് രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തു. കൊടുവള്ളി വാവാട് ഇരുമോത്ത് തെക്കയിൽ കണ്ണിപ്പൊഴിൽ ഫിജാസ്(21)ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൊടുവള്ളി സംഘത്തിനും ചെർപ്പുളശ്ശേരി സംഘത്തിനും ഇടയിൽ പ്രവർത്തിച്ചയാളാണ് ഫിജാസെന്ന് പോലിസ് പറഞ്ഞു. ചെർപ്പുളശ്ശേരി സംഘവുമായി കൊടുവള്ളിയിലെ ടീമിനെ ബന്ധപ്പെടുത്തി നൽകിയത് ഫിജാസാണ്. സംഭവ ദിവസം ഫിജാസ് കരിപ്പൂരിലെത്തിയതായി പോലിസിന് വിവരം ലഭിച്ചിരുന്നു. വ്യാഴാഴ്ച വൈകിട്ടോടെയാണ് പോലിസ് ഫിജാസിനെ ചില വിവരങ്ങൾ അറിയാനുണ്ടെന്ന് പറഞ്ഞ് കൊണ്ടോട്ടി സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുവരുന്നത്. ഒരു കാർ ഫിജാസ് ഓടിച്ചും മറ്റൊന്ന് പോലിസുമാണ് സ്റ്റേഷനിലെത്തിച്ചത്. കുവൈറ്റിൽ ജോലി ചെയ്തിരുന്ന ഫിജാസ് അവധിക്ക് നാട്ടിലെത്തത്തിയതാണ്. നേരത്തെ വിവിധ സ്വർണ്ണക്കടത്തു കേസിൽ പ്രതിയായിരുന്നു സുഫ്‌യാനെതിരെ ഡി.ആർ.ഐ കൊഫേപോസെ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.സുഫ്‌യാനാണ് ചെറുപ്പളശ്ശേരി സംഘത്തെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി ഏകോപിപ്പിച്ചതെന്നാണ് വിവരം.