വിസ്മയ കേസില്‍ സുഹൃത്തുക്കളുടെ രഹസ്യ മൊഴിയെടുക്കും

കൊല്ലം- മെഡിക്കല്‍ വിദ്യാര്‍ഥിനി നിലമേല്‍ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും രഹസ്യ മൊഴി രേഖപ്പെടുത്തും. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിന് ശിക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ് നടപടിയെന്ന് ഐ.ജി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു.

ഇന്നലെ കിരണ്‍ കുമാറിന്റെ സഹോദരീ ഭര്‍ത്താവ് മുകേഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. വിസ്മയയുടെ കൂട്ടുകാരിയുടെ മൊഴിയും പോലീസ് ശേഖരിച്ചിട്ടുണ്ട്. കിരണ്‍ കുമാറില്‍നിന്നുള്ള ദുരനുഭവങ്ങള്‍ വിസ്മയ ഈ കൂട്ടുകാരിയോട് പറഞ്ഞിരുന്നു.

കിരണ്‍ കുമാറിനെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഇയാളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് അന്വേഷണ സംഘം നേരത്തെ ശാസ്താംകോട്ട കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കിരണിനെ വിശദമായി ചോദ്യം ചെയ്താല്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍.

 

Latest News