Sorry, you need to enable JavaScript to visit this website.

ലക്ഷദ്വീപില്‍ വന്‍ ടൂറിസം പദ്ധതിക്ക് അംഗീകാരം നല്‍കി കേന്ദ്രസര്‍ക്കാര്‍

ന്യൂദല്‍ഹി-ലക്ഷദ്വീപില്‍ വമ്പന്‍ ടൂറിസം പദ്ധതിക്ക് അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍. സ്വകാര്യ കമ്പനിയുടെ നേതൃത്വത്തില്‍ മിനിക്കോയ് ദ്വീപിലാണ് പദ്ധതി നടപ്പാക്കുന്നത്. 319 കോടി രൂപ ചെലവിലാണ് ഇവിടെ റിസോര്‍ട്ട് നിര്‍മിക്കുക. റിസോര്‍ട്ടിനായി സ്വകാര്യമേഖലക്ക് 15 ഹെക്ടറോളം ഭൂമി 75 വര്‍ഷത്തേക്ക് വിട്ടുകൊടുക്കും. മൂന്ന് വര്‍ഷം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കുക. ലേലത്തിലൂടെയാണ് സ്വകാര്യ കമ്പനിയെ തെരഞ്ഞെടുത്തത്. കടലോരത്ത് വില്ലകള്‍ നിര്‍മിക്കാന്‍ 8.53 ഹെക്ടറും വാട്ടര്‍വില്ലകള്‍ക്കായി പവിഴപ്പുറ്റുകള്‍ നിലകൊള്ളുന്ന ആറ് ഹെക്ടറുമാണ് നല്‍കുക. റിസോര്‍ട്ടില്‍ 150 വില്ലകള്‍ ഉണ്ടാകും. ഇതില്‍ 110 എണ്ണം ബീച്ചിലും 40 എണ്ണം കടലിലേക്ക് ഇറങ്ങിയുമാകും ഉണ്ടാവുക. മാലദ്വീപിനോട് കിടപിടിക്കുന്ന വില്ലകളാണ് ഇവിടെ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്.
രണ്ട് വര്‍ഷം മുമ്പ് ആസൂത്രണം ചെയ്ത പദ്ധതിയാണിത്. സ്വകാര്യ കമ്പനിക്ക് ഒട്ടേറെ ഇളവുകള്‍ നല്‍കിയാണ് ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ സമിതി പദ്ധതി അംഗീകരിച്ചത്. പദ്ധതിയില്‍ ദ്വീപ് വാസികള്‍ക്ക് നിശ്ചിത ശതമാനം തൊഴില്‍ സംവരണം ചെയ്യണമെന്ന് മുമ്പ് നിര്‍ദേശിച്ചിരുന്നു. ഈ വ്യവസ്ഥ നീക്കം ചെയ്തു. വര്‍ഷംതോറും ലൈസന്‍സ് ഫീസില്‍ 10 ശതമാനം വര്‍ധനയെന്നത് അഞ്ച് ശതമാനമായി കുറച്ചു. പരിസ്ഥിതി സൗഹൃദ റിസോര്‍ട്ടുകള്‍ നിര്‍മിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു. ലക്ഷദ്വീപിലെ ജനവിരുദ്ധ പരിഷ്‌കാരങ്ങളുടെ ലക്ഷ്യം വ്യക്തമാക്കുന്നതാണ് പുതിയ പദ്ധതി.
 

Latest News