ജനീവ- കോവിഡ് വാക്‌സിന്‍ ലഭ്യതയില്‍ ആഗോള തലത്തില്‍ വന്‍ അമസത്വമാണ് ഉള്ളതെന്നും ദരിദ്ര രാജ്യങ്ങള്‍ ഗുരുതരമാംവിധം വാക്‌സിന്‍ ലഭിക്കാതെ പാടുപെടുകയാണെന്നും ലോകാരോഗ്യ സംഘടന. ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കി മുന്‍നിര രാജ്യങ്ങള്‍ സാധാരണ നിലയിലേക്ക് തിരിച്ചുവരുമ്പോള്‍ ദരിദ്ര രാജ്യങ്ങള്‍ വാക്‌സിന്‍ കിട്ടാതെ വലയുകയാണ്. ആഫ്രിക്കിയലെ സാഹചര്യം വളരെ രൂക്ഷമായിരിക്കുന്നു. ഒരാഴ്ച്ചയ്ക്കിടെ 40 ശതമാനമാണ് മരണസംഖ്യ ഉയര്‍ന്നത്. വൈറസിന്റെ ഡെല്‍റ്റ വകഭേദം ആഗോള തലത്തില്‍ വ്യാപിച്ചുതുടങ്ങിയതോടെ സ്ഥിതിഗതി ഗുരുതമായിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന മേധാവി തെദ്‌റോസ് അധനോം ഗബ്രിയെസസ് പറഞ്ഞു.
ആഗോള സമൂഹമെന്ന നിലയില്‍ നാം പരാജയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. വരുമാനം കുറഞ്ഞ രാജ്യങ്ങള്‍ വാക്‌സിന്‍ നല്‍കാന്‍ ചില രാജ്യങ്ങള്‍ വിമുഖത കാട്ടുകയാണെന്ന് രാജ്യങ്ങളുടെ പേരെടുത്തു പറയാതെ തെദ്‌റോസ് പറഞ്ഞു. ഇവിടെ പ്രശ്‌നം വിതരണമാണ്. ഞങ്ങള്‍ക്ക് വാക്‌സിന്‍ തരൂ- വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം അപേക്ഷിച്ചു. എയ്ഡ്‌സ് പ്രതിസന്ധിയോടാണ് ഇപ്പോഴത്തെ പ്രതിസന്ധിയെ അദ്ദേഹം ഉപമിച്ചത്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സങ്കീര്‍ണമായ ചികിത്സാരീതികള്‍ ഉപയോഗിക്കാന്‍ അറിയില്ലെന്നായിരുന്നു അന്നത്തെ ചിലരുടെ വാദം.
ഈ മഹാമാരിയില്‍ ആളുകള്‍ കെടുതി അനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉപയോഗിക്കാന്‍ അറിയാത്തതിനാല്‍ നിങ്ങള്‍ക്ക് മരുന്ന് നല്‍കുന്നില്ല എന്ന കൊളോണിയല്‍ സമീപനമാണോ മുന്‍നിര രാജ്യങ്ങള്‍ക്കുള്ളതെന്ന് ലോകാരോഗ്യ സംഘടനയുടെ മുതിര്‍ന്ന എമര്‍ജന്‍സി വിദഗ്ധന്‍ മൈക്ക് റയാന്‍ ചോദിച്ചു. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വ്യത്യാസം ഇപ്പോള്‍ പൂര്‍ണമായും തുറന്ന്കാട്ടുന്നത് ലോകത്തിന്റെ അനീതിയും അസമത്വവുമാണ്. ഇത് നേരിടേണ്ടതുണ്ട്- തെദ്‌റോസ് പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ കോവാക്‌സ് പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി മുതല്‍ 132 രാജ്യങ്ങള്‍ക്കായി ഒമ്പത് കോടി ഡോസ് വാക്‌സിനാണ് ഇതുവരെ വിതരണം ചെയ്തത്. ഇതിനിടെ ഇന്ത്യ കോവിഡ് വാക്‌സിന്‍ കയറ്റുമതിക്ക് വിലക്കേര്‍പ്പെടുത്തിയതോടെ ഈ പദ്ധതിയെ അത് സാരമായി ബാധിച്ചു. കോവാക്‌സ് പദ്ധതി പ്രകാരം ഈ മാസം ഒറ്റ ഡോസ് പോലുും ആസ്ട്രസെനക വാക്‌സിനും സിറം ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ വാക്‌സിനും ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിനും വിതരണം ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് ലോകാരോഗ്യ സംഘടന സീനിയര്‍ അഡൈ്വസര്‍ ബ്രൂസ് ഐല്‍വാര്‍ഡ് പറഞ്ഞു.