Sorry, you need to enable JavaScript to visit this website.

മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രിയെ ഇ.ഡി ചോദ്യം ചെയ്യുന്നു; സഹായികളെ അറസ്റ്റ് ചെയ്തു

മുംബൈ- കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രിയും എന്‍സിപി നേതാവുമായ അനില്‍ ദേശമുഖിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ശനിയാഴ്ച ചോദ്യം ചെയ്യാന്‍ വിളിച്ചിപ്പു. അദ്ദേഹത്തിന്റെ പേഴ്‌സനല്‍ അസിസ്റ്റന്റ് കുന്‍ഡന്‍ ഷിന്‍ഡെ, പേഴ്‌സനല്‍ സെക്രട്ടറി സഞ്ജീവ് പാലാന്‍ഡെ എന്നിവരെ ഇ.ഡി ഒമ്പതു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്തു. തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അനില്‍ ദേശ്മുഖിനെ വൈകാതെ അറസ്റ്റ് ചെയ്യുമെന്നും സൂചനയുണ്ട്. വെള്ളിയാഴ്ച രാവിലെ ഇ.ഡി സംഘം ദേശ്മുഖിന്റെ നാഗ്പൂരിലെ വീട്ടിലും മുംബൈയിലെ രണ്ടു വീടുകളിലും അറസ്റ്റിലായ അദ്ദേഹത്തിന്റെ സഹായികളുടെ വീടുകളിലും റെയ്ഡ് നടത്തിയിരുന്നു. മുംബൈയിലെ വോര്‍ളിയിലെ വീട്ടില്‍ റെയ്ഡ് നടക്കുമ്പോള്‍ അനില്‍ ദേശ്മുഖും അദ്ദേഹത്തിന്റെ ഒരു മകനും വീട്ടിലുണ്ടായിരുന്നു. റെയ്ഡിനു ശേഷം ഷിന്‍ഡെ, പലാന്‍ഡെ എന്നിവരെ സൗത്ത് മുംബൈയിലെ ഓഫീസിലെത്തിച്ചാണ് ഇ.ഡി അറസ്റ്റ് രേഖപ്പെടുത്തിയത്. 

കേസുമായി ബന്ധപ്പെട്ട ഏതാനും പോലീസ് ഉദ്യോഗസ്ഥരേയും ഇ.ഡി ചോദ്യം ചെയ്തിരുന്നു. 12 ബാര്‍ ഉടമകളില്‍ നിന്നായി പിരിച്ചെടുത്ത നാലു കോടി രൂപ ഇ.ഡി ഉദ്യോഗസ്ഥര്‍ റെയ്ഡില്‍ കണ്ടെടുത്തതായും റിപോര്‍ട്ടുണ്ടായിരുന്നു. ഈ പണം പിരിച്ചെടുത്തത് അംബാനിയുടെ വീട്ടില്‍ ബോംബ് ഭീഷണി കേസില്‍ അറസ്റ്റിലായ മുന്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ സചിന്‍ വാസെ ആണെന്നും പറയപ്പെടുന്നു.

കോഴപ്പണം മഹരാഷ്ട്രയ്ക്കു പുറത്തുള്ള കടലാസു കമ്പനികള്‍ വഴിയാണ് അനില്‍ ദേശ്മുഖിലെത്തിയതെന്നാണ് ആരോപിക്കപ്പെടുന്നത്. ഈ കമ്പനികളുടെ ഉടമ ദേശ്മുഖിന്റെ ഒരു അടുത്ത ബന്ധുവാണെന്നും കണ്ടെത്തി. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ അനില്‍ ദേശ്മുഖിനെ ഇ.ഡി ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും.
 

Latest News