കോട്ടയം- എ.കെ.ജിക്കെതിരായ പരാമർശത്തിൽ വി.ടി.ബൽറാം എം.എൽ.എയെ തള്ളിപ്പറഞ്ഞ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പരാമർശം പരിധി കടന്നതാണെന്നും ഒരിക്കലും അങ്ങനെ പറയാൻ പാടില്ലായിരുന്നെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു.
ഉമ്മൻ ചാണ്ടിക്ക് പുറമെ ബൽറാമിനെ തള്ളി കെ.പി.സി.സി അധ്യക്ഷൻ എം.എം.ഹസൻ, കെ.മുരളീധരൻ തുടങ്ങിയ നേതാക്കളും രംഗത്തെത്തിയിരുന്നു. എം.എൽ.എയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും കോൺഗ്രസ് നിലപാടല്ലെന്നുമാണ് ഹസന്റെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട് ബല്‍റാമുമായി സംസാരിച്ചുവെന്നും വ്യക്തിപരമായ അഭിപ്രായമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ഹസന്‍ പറഞ്ഞു. വ്യക്തിപരമായാല്‍ പോലും ഇതു ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എ.കെ.ജി ബാലപീഡകനാണെന്ന ബൽറാമിന്റെ പരാമർശമാണ് വിവാദമായത്. എകെജി– സുശീലാ ഗോപാലൻ ബന്ധത്തെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് വി.ടി. ബൽറാം എം.എൽ.എ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടത്. വിവാഹ സമയത്ത് സുശീലയുടെ പ്രായം 22 വയസാണെന്നും 10 വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹമെന്നും എ.കെ. ഗോപാലന്റെ ആത്മകഥ ഉദ്ധരിച്ച് ബൽറാം കുറിച്ചിരുന്നു.
അധിക്ഷേപകരമായ മറ്റു പരാമർശങ്ങളും ഉണ്ടായതോടെ ശക്തമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ബൽറാമിനെതിരെ ഉണ്ടായത്.