കൊല്ലം- ഇത്തിക്കരയാറ്റിൽ ചാടിയ രണ്ട് യുവതികളുടെ മൃതദേഹവും ഇവരെഴുതിയ ആത്മഹത്യ കുറിപ്പും കണ്ടെത്തി. കൊല്ലം കല്ലുവാതുക്കലിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിലെ പ്രതി രേഷ്മയുടെ ബന്ധുക്കളായ യുവതികളാണ് ആറ്റിൽ ചാടിയത്. രേഷ്മയുടെ ഭർത്താവിന്റെ സഹോദര ഭാര്യ ആര്യ, ഭർത്താവിന്റെ സഹോദരി പുത്രി ഗ്രീഷ്മ എന്നിവരാണ് ആത്മഹത്യ ചെയ്തത്. രേഷ്മ ചതിക്കുകയായിരുന്നു എന്നെഴുതിയ ആത്മഹത്യക്കുറിപ്പും കണ്ടെത്തി.
അറിഞ്ഞുകൊണ്ട് ആരെയും ചതിച്ചിട്ടില്ല. അവർ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞില്ല. അവരുടെ ജീവിതം നന്നാകണം എന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ. എന്റെ മോനെ നന്നായി നോക്കണം. എന്റെ രഞ്ജിത്തണ്ണന്റെ കൂടെ ജീവിച്ച് കൊതി തീർന്നിട്ടില്ല. പക്ഷെ ഒരു പിഞ്ചു കുഞ്ഞിനെ കൊന്ന കേസിൽ ഞങ്ങളെ പോലീസ് പിടിക്കുന്നത് സഹിക്കാൻ പറ്റുന്നില്ല. എല്ലാവരും ഞങ്ങളോട് ക്ഷമിക്കണം എന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.
രേഷ്മ ഗർഭിണിയായിരുന്നതും പിന്നീട് നവജാത ശിശുവിനെ ഉപേക്ഷിച്ചതും ബന്ധുക്കളായ യുവതികൾക്ക് അറിയാമായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് പാരിപ്പള്ളി പോലീസ് സ്‌റ്റേഷനിൽ ഹാജരാകാൻ ഇരുവരോടും നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവതികളെ കാണാതായത്. ഇരുവരും ഇത്തിക്കരയാറ്റിൽ ചാടിയെന്ന സംശയത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ആര്യയുടെ മൃതദേഹം ആദ്യം കണ്ടെത്തിയത്. പിന്നീട് ഗ്രീഷ്മയുടെ മൃതദേഹവും ലഭിച്ചു.






