ന്യൂദൽഹി- അംഗവൈകല്യമുള്ളവർക്ക് ഹജ് തീർത്ഥാടനത്തിന് അപേക്ഷ നൽകാനുണ്ടായിരുന്ന വിലക്ക് കേന്ദ്ര സർക്കാർ നീക്കി.
കേന്ദ്ര ഹജ് മന്ത്രാലയം പുറത്തിറക്കിയ പുതിയ ഹജ് മാർഗനിർദേശത്തിൽ ശാരീരികവും മാനസികവുമായ വൈകല്യമുള്ളവർക്ക് ഹജിന് അപേക്ഷിക്കാൻ യോഗ്യതയുണ്ടായിരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് ഭിന്നശേഷിക്കാരുടെ ദേശീയ വേദിയായ എൻ.പി.ആർ.ഡി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയെ നേരിൽ കണ്ടു നിവേദനം നൽകിയിരുന്നു. ഇതേത്തുടർന്നാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.
ശാരീരിക, മാനസിക വൈകല്യമുള്ള വ്യക്തികൾക്ക് ഹജിന് അപേക്ഷിക്കാൻ വിലക്കേർപ്പെടുത്തിയുള്ള മാർഗ നിർദേശം കഴിഞ്ഞ 60 വർഷമായി തുടരുന്നതാണെന്നും ഇത് സൗദി അറേബ്യ വെച്ച ചില നിയന്ത്രണങ്ങൾ കാരണമാണെന്നും മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി പറഞ്ഞു. എന്തായാലും ഈ വർഷം മുതൽ കേന്ദ്ര സർക്കാർ ഭിന്നശേഷിക്കാർക്ക് ഹജിന് അപേക്ഷിക്കാൻ അവസരം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. 2018-2022 വർഷത്തേക്കുള്ള ഹജ് മാർഗനിർദേശത്തിൽ ഇതു സംബന്ധിച്ച് മാറ്റം വരുത്താൻ കേന്ദ്ര ഹജ് കമ്മിറ്റിക്ക് മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേന്ദ്ര മന്ത്രാലയം പുറത്തിറക്കിയ ഹജ് മാർഗ നിർദേശത്തിലെ നാലാം നിബന്ധനയിലെ ഉപനിയമം മൂന്നിലെ നാലും അഞ്ചും നിബന്ധനകൾ അംഗപരിമിതരോട് വിവേചനം കാണിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ച് എൻ.പി.ആർ.ഡി കേന്ദ്ര മന്ത്രിയെ കണ്ടിരുന്നു.
കാലുകൾ മുറിക്കപ്പെട്ടവർ, മുടന്തുള്ളവർ, പോളിയോ ബാധിച്ച് കാലുകളുടെ സ്വാധീനം നഷ്ടപ്പെട്ടവർ എന്നിവർക്ക് ഹജിന് യോഗ്യതയുണ്ടാവില്ലെന്ന മാർഗ നിർദേശം ഒഴിവാക്കണമെന്നാണ് എൻ.പി.ആർ.ഡി നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നത്.
കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഹജ് മാർഗനിർദേശത്തിലെ വ്യവസ്ഥകൾ 2016 ലെ അംഗപരിമിതരുടെ അവകാശങ്ങൾക്കുള്ള നിയമങ്ങളുടെ ലംഘനമാണെന്നാണ് സംഘടന ചൂണ്ടിക്കാണിച്ചിരുന്നത്. അംഗപരിമിതർ ഹജിനെത്തുന്നതിന് സൗദി അറേബ്യ വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നിരിക്കേയാണ് ഇന്ത്യൻ സർക്കാർ അംഗപരിമിതരോട് വിവേചനം കാണിക്കുന്നതെന്നാണ് സംഘടന ആരോപിച്ചിരുന്നത്.






