Sorry, you need to enable JavaScript to visit this website.

ലണ്ടനില്‍ ഇന്ത്യക്കാരി 5 വയസ്സുള്ള മകളെ കുത്തിക്കൊന്നു; കോവിഡ് ഭയം കാരണമെന്ന് റിപോര്‍ട്ട്

ലണ്ടന്‍- അഞ്ചു വയസ്സുകാരിയായ മകളെ കിടപ്പുമുറിയിലിട്ട് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ യുവതി കുറ്റക്കാരിയാണെന്ന് അന്വേഷണം. സുധ ശിവനന്ദം (36) ആണ് കഴിഞ്ഞ വര്‍ഷം ജൂണില്‍ മകളെ കുത്തിക്കൊലപ്പെടുത്തിയത്. കോവിഡ് ബാധിച്ച് മരിച്ചേക്കുമെന്നും മരിച്ചാല്‍ മകള്‍ എങ്ങനെ ഒറ്റയ്ക്ക് ജീവിക്കുമെന്ന ചിന്തയുമാണ് മകളെ കൊല്ലാന്‍ സുധയെ പ്രേരിപ്പിച്ചതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. സൗത്ത് ലണ്ടനിലെ ഫ്‌ളാറ്റിലെ കിടപ്പുമുറിയിട്ടാണ് സുധ മകള്‍ സയാഗിയെ കുത്തിക്കൊലപ്പെടുത്തിയത്. സുധ സ്വയം മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇവര്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നതായാണ് കണ്ടെത്തല്‍. 

തനിക്കെന്തായാലും കോവിഡ് പിടിപെടുമെന്ന ഉറച്ച വിശ്വാസത്തിലാണ് സുധ കഴിഞ്ഞിരുന്നതെന്ന് ഭര്‍ത്താവ് പറയുന്നു. ലോക്ഡൗണ്‍ നിയന്ത്രങ്ങള്‍ കാരണം ഒറ്റപ്പെട്ടു പോയതോടെ മാനസികമായും പ്രശ്‌നങ്ങളുണ്ടായി. കോടതിയില്‍ സുധ കൊലപാതകം നിഷേധിച്ചു. ഇവരെ ആശുപത്രിയില്‍ കസ്റ്റഡിയില്‍ തന്നെ കഴിയും. വിവാഹ ശേഷം 2006ലാണ് സുധ ബ്രിട്ടനിലെത്തിയത്. കൊലപാതകത്തിന് ഒരു വര്‍ഷം മുമ്പ് തനിക്ക് ദുരൂഹ രോഗങ്ങളുള്ളതായി സുധ പറഞ്ഞിരുന്നു. ഗുരുതരമായ രോഗമുണ്ടെന്ന് വിശ്വസിച്ച സുധ താന്‍ ഉടന്‍ മരിക്കുമെന്ന് പ്രതീക്ഷിച്ചു കഴിയുകയായിരുന്നു. കൊലപാതകം നടന്ന ദിവസവും തനിക്ക് തീരെ സുഖമില്ലെന്നും പുറത്തു പോകരുതെന്നും സുധ ഭര്‍ത്താവിനോട് പറയുകയും സുഹൃത്തുകളെ വിളിച്ച് തനിക്ക് സുഖമില്ലെന്നും പറഞ്ഞിരുന്നു. 

ഈ ദിവസം ഇവരുടെ ഫ്‌ളാറ്റിലെത്തിയ അയല്‍ക്കാരാണ് കിടപ്പുമുറയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന സയാഗിയേയും സ്വയം മുറിവേല്‍പ്പിച്ച നിലയില്‍ സുധയേയും കണ്ടത്. ഭര്‍ത്താവ് സുഗതന്‍ സെയ്ന്‍സ്ബറീസ് സുപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്കാരനായിരുന്നു. കുടുംബം വളരെ സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നതെന്നും ഭാര്യയുടെ മാനസിക നില ശരിയായിരുന്നെങ്കില്‍ ഒരിക്കലും മകളെ കൊല്ലുമായിരുന്നില്ലെന്നും സുഗതന്‍ പറഞ്ഞു.
 

Latest News